കടൽ ശാന്തമല്ലാത്തപ്പോൾ മത്സ്യത്തൊഴിലാളികളുടെ ഓരോ യാത്രയും ഒരു ജീവൻപണയമാണ്. കരയിൽ കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് ഓരോ വള്ളവും തിരിച്ചെത്തുന്നതുവരെ ആശങ്കയുടെ മണിക്കൂറുകളാണ്. ആ ആശങ്ക ദുരന്തമായി മാറുമ്പോൾ, രക്ഷാപ്രവർത്തന സംവിധാനങ്ങൾ നിമിഷംപോലും പാഴാക്കാതെ ഉണർന്നുപ്രവർത്തിക്കേണ്ടതാണ്. എന്നാൽ കേരളത്തിന്റെ തീരങ്ങളിൽനിന്ന് ഉയരുന്ന ഇപ്പോഴത്തെ നിലവിളി മറ്റൊരു യാഥാർഥ്യമാണ് തുറന്നുകാട്ടുന്നത്. കടലിൽ മനുഷ്യർ കാണാതായിട്ടും കരയിലെ ഭരണസംവിധാനം ഉണരാൻ വൈകുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മത്സ്യബന്ധനത്തിന് പോയ 11 മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ടുവെന്നത് കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കേണ്ട കണക്കാണ്. വിഴിഞ്ഞത്തുനിന്ന് പോയ ജോൺ മാത്യൂസ്, മുതലപ്പൊഴിയിൽനിന്ന് പോയ ഫ്രീമോൻ, നീണ്ടകര പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണ, ആലപ്പുഴ കാട്ടൂർ സ്വദേശി പുഷ്പാംഗദൻ എന്നിവരടക്കമുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ പോലും സമയബന്ധിതമായി ഫലപ്രദമാക്കാൻ കഴിഞ്ഞില്ലെന്ന ആരോപണം അതീവ ഗൗരവത്തോടെ കാണേണ്ടതാണ്.
ഇത് ഏതാനും കുടുംബങ്ങളുടെ മാത്രം ദുരന്തമല്ല. മത്സ്യത്തൊഴിലാളികളുടെ ജീവന് ഭരണകൂടത്തിന്റെ കണ്ണിൽ എന്ത് വിലയാണുള്ളത്? എന്ന അടിസ്ഥാന ചോദ്യമാണ് ഉയരുന്നത്. ദുരന്തത്തിൽപ്പെട്ട കുടുംബങ്ങൾ പരാതിയുമായി സർക്കാർ സംവിധാനങ്ങളുടെ വാതിലിൽ മുട്ടുമ്പോൾ, അവരെ ആശ്വസിപ്പിക്കാനും സഹായിക്കാനും മുന്നിട്ടിറങ്ങേണ്ട ഉദ്യോഗസ്ഥരിൽനിന്ന് ‘നിങ്ങൾ നേരത്തെ ആവശ്യപ്പെട്ടില്ലല്ലോ’ എന്ന മറുപടി ലഭിക്കുന്നുവെങ്കിൽ അതിനേക്കാൾ വലിയ ഭരണപരാജയം മറ്റെന്താണ്?. മുങ്ങൽ വിദഗ്ധരെ എത്തിക്കാനും അനുബന്ധ രക്ഷാസംവിധാനങ്ങൾ ഒരുക്കാനും വൈകിയത് എന്തുകൊണ്ട്? കടലിൽ കാണാതായവരെ കണ്ടെത്താൻ ഓരോ മണിക്കൂറും നിർണായകമാണെന്ന് അറിയാത്തവരാണോ സംവിധാനത്തിന്റെ തലപ്പത്തുള്ളവർ? ഒരു കുടുംബം സ്വന്തം പ്രിയപ്പെട്ടവന്റെ ജീവൻ രക്ഷിക്കാൻ എന്തെല്ലാം ആവശ്യപ്പെടണമെന്ന് പറഞ്ഞുകൊടുക്കുന്നതുവരെ കാത്തുനിൽക്കുകയാണെങ്കിൽ, പിന്നെ എന്തിനാണ് ദുരന്തനിവാരണ സംവിധാനവും ഭരണസംവിധാനവും?. ദുരന്തനിവാരണത്തിൽ കവടി നിരത്തി ഫലം നോക്കുകയല്ല വേണ്ടത്; സാമാന്യബുദ്ധിയും മുൻകരുതലും ഉത്തരവാദിത്വബോധവുമാണ് വേണ്ടത്. കേരളം നിരവധി ദുരന്തങ്ങൾ നേരിട്ട സംസ്ഥാനമാണ്. പ്രളയവും ഉരുൾപൊട്ടലും കടൽക്ഷോഭവും ചുഴലിക്കാറ്റും നമ്മെ പലതവണ പഠിപ്പിച്ച പാഠങ്ങളുണ്ട്. എന്നാൽ ഓരോ ദുരന്തത്തിനുശേഷവും പഠനങ്ങളും റിപ്പോർട്ടുകളും പ്രഖ്യാപനങ്ങളും ഉണ്ടാകുമ്പോഴും അടുത്ത ദുരന്തത്തിൽ അതേ പിഴവുകൾ ആവർത്തിക്കപ്പെടുന്നുവെങ്കിൽ, ആ പഠനങ്ങൾകൊണ്ട് എന്ത് പ്രയോജനം?. പ്രതികൂല കാലാവസ്ഥ മത്സ്യത്തൊഴിലാളികളുടെ അപകടസാധ്യത വർധിപ്പിക്കുന്നുവെന്നത് പുതിയ അറിവല്ല. കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യസമയത്ത് ലഭ്യമാക്കുക, തീരദേശ മേഖലകളിൽ അത് എല്ലാവരിലേക്കും എത്തിക്കുക, കടലിൽ പോയവരുടെ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുക, അടിയന്തര രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ബോട്ടുകളും ഉപകരണങ്ങളും മുങ്ങൽ വിദഗ്ധരും പരിശീലനം നേടിയ സംഘങ്ങളും സജ്ജമാക്കുക-ഇവയൊന്നും അസാധ്യമായ കാര്യങ്ങളല്ല. എന്നിട്ടും മുന്നറിയിപ്പുകൾ സമയത്ത് മത്സ്യത്തൊഴിലാളികളിലേക്ക് എത്തുന്നില്ലെങ്കിൽ, രക്ഷാപ്രവർത്തന സംവിധാനങ്ങൾ തമ്മിൽ ഏകോപനമില്ലെങ്കിൽ, ദുരന്തമുണ്ടായശേഷം ആരെ സമീപിക്കണമെന്നുപോലും കുടുംബങ്ങൾക്ക് വ്യക്തതയില്ലെങ്കിൽ, നാം വികസിപ്പിച്ചെന്ന് അവകാശപ്പെടുന്ന ദുരന്തനിവാരണ സംവിധാനം എവിടെയാണ് പരാജയപ്പെടുന്നത് എന്ന് സർക്കാർ തുറന്നുപറയണം. പ്രളയകാലത്ത് സ്വന്തം ജീവൻപോലും പണയപ്പെടുത്തി ആയിരക്കണക്കിന് മനുഷ്യരെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ കേരളത്തിന്റെ ‘രക്ഷാസൈന്യം’ എന്ന് വിശേഷിപ്പിക്കപ്പെട്ടവരാണ് മത്സ്യത്തൊഴിലാളികൾ. അന്ന് അവരെ ആദരിച്ച കേരളം ഇന്ന് അവരുടെ കുടുംബങ്ങൾ കടലിലേക്ക് നോക്കി കണ്ണീരോടെ കാത്തുനിൽക്കുമ്പോൾ അതേ മനുഷ്യരെ മറക്കാൻ പാടില്ല. കരയിലെ മനുഷ്യരെ രക്ഷിക്കാൻ കടലിലേക്ക് ഇറങ്ങിയവർക്ക് ഇന്ന് കടലിൽനിന്ന് കരയിലേക്ക് തിരിച്ചുവരാൻ കഴിയാതെ പോയാൽ, അവരെ കണ്ടെത്താനുള്ള ആദ്യ ഉത്തരവാദിത്വം ഭരണകൂടത്തിന്റേതാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ കടലിൽ പോയി പിന്നീട് കാണാതായും മരിച്ചും 469 പേർ വരെയുണ്ടെന്ന കണക്ക് ഭയപ്പെടുത്തുന്നതാണ്. അതേസമയം 47,773 പേരെ അപകടങ്ങളിൽനിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ടെന്നത് രക്ഷാപ്രവർത്തന സംവിധാനങ്ങൾക്ക് കഴിവില്ലെന്നല്ല തെളിയിക്കുന്നത്; മറിച്ച്, ശരിയായ സമയത്ത് ശരിയായ സംവിധാനം പ്രവർത്തിച്ചാൽ ജീവൻ രക്ഷിക്കാനാകുമെന്ന് തെളിയിക്കുന്നു. അതിനാൽ ഇപ്പോഴത്തെ സംഭവങ്ങളെ ഒറ്റപ്പെട്ട അപകടങ്ങളായി കാണാൻ സർക്കാർ തയ്യാറാകരുത്. ഓരോ മരണത്തിനും പിന്നിലെ സാഹചര്യം പരിശോധിക്കണം. മുന്നറിയിപ്പ് എപ്പോൾ ലഭിച്ചു? അത് ആരൊക്കെയാണ് സ്വീകരിച്ചത്? തീരദേശത്തുള്ള മത്സ്യത്തൊഴിലാളികൾക്ക് എപ്പോൾ കൈമാറി? രക്ഷാപ്രവർത്തനം ആരംഭിക്കാൻ എത്ര സമയം എടുത്തു? ആവശ്യപ്പെട്ട ഉപകരണങ്ങൾ എപ്പോൾ എത്തി? വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനം ഉണ്ടായിരുന്നോ? വീഴ്ചയുണ്ടെങ്കിൽ ആരാണ് ഉത്തരവാദി?. ഈ ചോദ്യങ്ങൾക്ക് വെറും വിശദീകരണമല്ല, ഉത്തരവാദിത്വമുള്ള മറുപടിയാണ് വേണ്ടത്. മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി സ്വന്തം പ്രിയപ്പെട്ടവരെക്കുറിച്ച് വിവരമന്വേഷിക്കേണ്ട അവസ്ഥ അവസാനിക്കണം. കാണാതായ ഓരോ മത്സ്യത്തൊഴിലാളിയെയും കണ്ടെത്താൻ പ്രത്യേക സംവിധാനവും ഏകോപിത കമാൻഡ് സംവിധാനവും വേണം. കടലിലെ രക്ഷാപ്രവർത്തനത്തിന് ആധുനിക സാങ്കേതികവിദ്യയും നിരീക്ഷണ സംവിധാനങ്ങളും അടിയന്തര പ്രതികരണ ശേഷിയും ഉറപ്പാക്കണം. അതിലും പ്രധാനമായി, മത്സ്യത്തൊഴിലാളിയുടെ ജീവനും മറ്റേതൊരു പൗരന്റെയും ജീവനും ഒരേ വിലയാണെന്ന് ഭരണകൂടം തെളിയിക്കണം. അധികാരത്തിന്റെ അഹന്തയല്ല വേണ്ടത്; മനുഷ്യജീവന്റെ വില തിരിച്ചറിയുന്ന ഭരണബോധമാണ് വേണ്ടത്. ഫയലുകളിൽ കണക്കുകളായി മാറുന്ന ഓരോ മരണത്തിനും പിന്നിൽ ഒരു കുടുംബമുണ്ട്. ഒരു അമ്മയുണ്ട്, ഭാര്യയുണ്ട്, മക്കളുണ്ട്, സഹോദരങ്ങളുണ്ട്. കടലിലേക്ക് പോയ ഒരാൾ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ വാതിൽ തുറന്നുവെക്കുന്ന വീടുകളുണ്ട്. അവരുടെ കാത്തിരിപ്പിന് അവസാനമുണ്ടാകണം. കടലിൽ ഒരാളും താങ്ങും തണലുമില്ലാതെ നിലയില്ലാക്കയത്തിലേക്ക് മുങ്ങിപ്പോകരുത്. ഒരു മത്സ്യത്തൊഴിലാളിയും ‘കാണാതായ ഒരാൾ’ എന്ന കണക്കിൽ ഒതുങ്ങരുത്. ഓരോ ജീവനും വിലപ്പെട്ടതാണ്. ആ വില സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനാണ്. ഇനിയെങ്കിലും സർക്കാർ ഉണരണം. കാണാതായവർക്കായുള്ള തിരച്ചിൽ അവസാന നിമിഷംവരെ ഊർജിതമാക്കണം. രക്ഷാപ്രവർത്തനത്തിലെ ഓരോ വീഴ്ചയും അന്വേഷിക്കണം. ഉത്തരവാദികളുണ്ടെങ്കിൽ നടപടി സ്വീകരിക്കണം. അതിനപ്പുറം, ഇനിയൊരു ദുരന്തത്തിലും ഇതേ കാഴ്ച ആവർത്തിക്കാതിരിക്കാനുള്ള സ്ഥിരം സംവിധാനമൊരുക്കണം.
കടൽ അവരുടെ ജീവിതമാർഗമാണ്; മരണവഴിയാകാതിരിക്കാനുള്ള ഉത്തരവാദിത്വം ഭരണകൂടത്തിന്റേതാണ്.
