തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഐഎം ജില്ലാ കമ്മിറ്റികളിലും സെക്രട്ടറിയേറ്റ് യോഗങ്ങളിലുമായി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് തെരഞ്ഞെടുപ്പിന് ഫലപ്രദമായി നേതൃത്വം നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന വിമർശനമാണ് വിവിധ ജില്ലകളിൽ ശക്തമായി ഉയർന്നത്.
തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ, സംസ്ഥാന സെക്രട്ടറി കണ്ണൂരിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന ആരോപണവും ഉയർന്നു. ഭാര്യ മത്സരിച്ചതിനെ തുടർന്ന് സംസ്ഥാനതല പ്രവർത്തനങ്ങളിൽ വേണ്ടത്ര ഇടപെടലുണ്ടായില്ലെന്നാണ് ചില പ്രതിനിധികൾ ചൂണ്ടിക്കാട്ടിയത്. ജില്ലാ സെക്രട്ടറിയാകാൻ യോഗ്യരായ നേതാക്കൾ ഇല്ലെന്ന എം വി ഗോവിന്ദന്റെ പരാമർശവും യോഗത്തിൽ വിവാദമായി.
മുൻ മേയർ ആര്യാ രാജേന്ദ്രനെ വിമർശിച്ച് മന്ത്രി വി ശിവന്കുട്ടി രംഗത്തെത്തി. ആര്യ രാജേന്ദ്രന്റെ പ്രവർത്തന ശൈലി തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് അദ്ദേഹം യോഗത്തിൽ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സ്ത്രീകളടക്കം കടുത്ത പ്രതികരണം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടുക്കി ജില്ലാ കമ്മിറ്റി യോഗത്തിലും നേതൃത്വത്തിനെതിരെ വിമർശനം ശക്തമായി. എം എം മണിയെ ഉടുമ്പൻചോലയിൽ സ്ഥാനാർഥിയാക്കാതിരുന്നത് തിരിച്ചടിയായെന്ന വിലയിരുത്തലാണ് ഉയർന്നത്. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലാണ് സ്ഥാനാർഥി നിർണയത്തിൽ ആശയക്കുഴപ്പമുണ്ടാക്കിയതെന്നും വിമർശനം ഉയർന്നു.
ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിലും സംസ്ഥാന നേതൃത്വത്തിന്റെ ധാർഷ്ട്യപരമായ സമീപനമാണ് തോൽവിക്ക് കാരണമെന്ന വിമർശനമുണ്ടായി. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചില പരാമർശങ്ങൾ ജനങ്ങളെ അകറ്റിയെന്നും നേതാക്കൾ സാധാരണക്കാരിൽ നിന്ന് അകന്നുപോയെന്നുമാണ് വിലയിരുത്തൽ.
മുൻ എംഎൽഎ യു പ്രതിഭയ്ക്കെതിരെയും ജില്ലാ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം ഉയർന്നു. പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് അച്ചടക്ക ലംഘനമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
അതേസമയം, നിലവിൽ പാർട്ടിയിൽ നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് ടി പി രാമകൃഷ്ണന് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച ശേഷം പാർട്ടി നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

