Home Top Storiesമിൽമ പാൽ വില ലിറ്ററിന് നാല് രൂപ കൂട്ടി; ജൂൺ ഒന്ന് മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ

മിൽമ പാൽ വില ലിറ്ററിന് നാല് രൂപ കൂട്ടി; ജൂൺ ഒന്ന് മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ

by news_desk
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില ലിറ്ററിന് നാല് രൂപ വർധിപ്പിച്ചു. ഇതോടെ ഒരു ലിറ്റർ പാലിന്റെ വില 56 രൂപയായി ഉയരും. ജൂൺ ഒന്ന് മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരുമെന്ന് മിൽമ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിന് ശേഷം അധികൃതർ അറിയിപ്പിലിറക്കി. കഴിഞ്ഞ ഏപ്രിലിൽ ചേർന്ന യോഗത്തിൽ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വില വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.

വില വർദ്ധനവിലൂടെ ലഭിക്കുന്ന അധിക തുകയുടെ സിംഹഭാഗവും ക്ഷീരകർഷകരിലേക്ക് തന്നെ എത്തുന്ന രീതിയിലാണ് പുതിയ ക്രമീകരണം. പുതുക്കിയ വർധനപ്രകാരമുള്ള തുകയിൽ 83.75 ശതമാനം വിഹിതവും കർഷകർക്ക് നേരിട്ട് ലഭിക്കും. ഇതനുസരിച്ച് കർഷകന് ലിറ്ററിന് 3.33 രൂപയുടെ അധിക നേട്ടമുണ്ടാകും. ബാക്കി തുകയിൽ 6.25 ശതമാനം വീതം ക്ഷീര സഹകരണ സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകും. 2.5 ശതമാനം വിഹിതം മിൽമയ്ക്കും 0.75 ശതമാനം ക്ഷീരകർഷക ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും. പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായി 0.5 ശതമാനം തുക പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജന പ്രക്രിയകൾക്കായി ഉപയോഗിക്കാനും ബോർഡ് യോഗം തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് മിൽമ പാൽ വില വർധിപ്പിക്കുന്നതിനുള്ള പ്രാരംഭ നടപടികളിലേക്ക് കടന്നത്. തുടർന്ന് വിഷയത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച മൂന്നംഗ വിദഗ്ദ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വില വർദ്ധനവ് നടപ്പിലാക്കിയിരിക്കുന്നത്. പാലിന് വില വർധിക്കുന്നതോടെ മിൽമ വിപണിയിലിറക്കുന്ന തൈര്, നെയ്, വെണ്ണ ഉൾപ്പെടെയുള്ള മറ്റ് അനുബന്ധ ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില വർധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

You may also like