Home Nationalവിവാഹനിശ്ചയത്തിന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം; മുൻ കാമുകൻ അറസ്റ്റിൽ

വിവാഹനിശ്ചയത്തിന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം; മുൻ കാമുകൻ അറസ്റ്റിൽ

by news_desk1
0 comments

ലഖ്‌നൗ: വിവാഹനിശ്ചയം കഴിഞ്ഞ് ദിവസങ്ങൾക്കകം 22കാരിയെ മുൻ കാമുകൻ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടൽ. ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ സുശാന്ത് ഗോൾഫ് സിറ്റി മേഖലയിലെ വനപ്രദേശത്താണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ മുൻ കാമുകനായ 23കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്വകാര്യ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിലെ ജീവനക്കാരിയായ ശിവാനിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മെയ് 14ന് പ്രകാശ് എന്ന യുവാവുമായി ശിവാനിയുടെ വിവാഹനിശ്ചയം നടന്നിരുന്നു. വിവാഹ ഒരുക്കങ്ങൾ വീട്ടിൽ പുരോഗമിക്കവെയാണ് ദാരുണ സംഭവം അരങ്ങേറിയത്.

ഓഫീസ് ആവശ്യത്തിനെന്ന് പറഞ്ഞ് ഞായറാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ ശിവാനി രാത്രി വൈകിയും മടങ്ങിയെത്താത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെ വനമേഖലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരം പൊലീസിന് ലഭിച്ചു. തുടർന്ന് ബന്ധുക്കൾ മൃതദേഹം ശിവാനിയുടേതാണെന്ന് തിരിച്ചറിഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങളും മൊബൈൽ വിവരങ്ങളും പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. ബീഹാർ സ്വദേശിയും ഡെലിവറി ഏജന്റുമായ പ്രേം കുമാർ മാഞ്ചിയെയാണ് അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലിൽ ശിവാനിയെ വർഷങ്ങളായി പരിചയമുണ്ടായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. യുവതിക്ക് മറ്റൊരാളുമായി അടുത്ത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഞായറാഴ്ച രാവിലെ ശിവാനിയെ ബൈക്കിൽ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയ പ്രതി റബർ പൈപ്പ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം വനത്തിലേക്ക് വലിച്ചിഴച്ച് സിമന്റ് കട്ട ഉപയോഗിച്ച് തല തകർത്തതായും അന്വേഷണത്തിൽ വ്യക്തമായി. തെളിവുകൾ നശിപ്പിക്കാൻ യുവതിയുടെ മൊബൈൽ ഫോൺ സമീപത്തെ കനാലിൽ ഉപേക്ഷിച്ചെന്നും പൊലീസ് അറിയിച്ചു.

പ്രതി കുറ്റം സമ്മതിച്ചതായും കൊലപാതകത്തിന് ഉപയോഗിച്ച സിമന്റ് കട്ട ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി.

You may also like