Home Sportsരഞ്ജിയിലെ വിക്കറ്റ് വേട്ടക്കാരനെ തഴഞ്ഞു; സെലക്ഷൻ കമ്മിറ്റിക്കെതിരെ ആഞ്ഞടിച്ച് മുൻ ചീഫ് സെലക്ടർ ദിലീപ് വെങ്‌സർക്കാർ

രഞ്ജിയിലെ വിക്കറ്റ് വേട്ടക്കാരനെ തഴഞ്ഞു; സെലക്ഷൻ കമ്മിറ്റിക്കെതിരെ ആഞ്ഞടിച്ച് മുൻ ചീഫ് സെലക്ടർ ദിലീപ് വെങ്‌സർക്കാർ

by news_desk
0 comments

മുംബൈ: അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് പിന്നാലെ ബിസിസിഐ സെലക്ഷൻ കമ്മിറ്റിക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടരുമായിരുന്ന ദിലീപ് വെങ്‌സർക്കാർ. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളെ വിലമതിക്കുന്നില്ലെങ്കിൽ ബിസിസിഐ രഞ്ജി ട്രോഫി ടൂർണമെന്റ് തന്നെ നിർത്തലാക്കണമെന്ന് വെങ്‌സര്‍ക്കാര്‍ തുറന്നടിച്ചു. രഞ്ജി ട്രോഫിയിലെ ഈ സീസണിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനായ ജമ്മു കശ്മീർ പേസർ ആഖ്വിബ് നബിയെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാതിരുന്നതാണ് വെങ്‌സർക്കാരെ ചൊടിപ്പിച്ചത്.

കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ 60 വിക്കറ്റുകൾ കൊയ്യുകയും ജമ്മു കശ്മീരിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത താരമാണ് ആഖ്വിബ് നബി. എന്നിട്ടും അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി താരത്തെ പൂർണ്ണമായി അവഗണിക്കുകയായിരുന്നു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മാനവ് സുതാർ, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ എന്നിവരെയാണ് ബൗളിങ് നിരയിലേക്ക് സെലക്ടർമാർ തിരഞ്ഞെടുത്തത്. ആഖ്വിബ് നബിയെ തഴഞ്ഞ സെലക്ടർമാരുടെ തീരുമാനം തികച്ചും അസംബന്ധമാണെന്നും ഇതൊരു വലിയ അനീതിയാണെന്നും വെങ്‌സർക്കാർ വ്യക്തമാക്കി. വിക്കറ്റുകൾ വീഴ്ത്താനുള്ള കഴിവും ഇപ്പോഴത്തെ മികച്ച ഫോമും നോക്കിയാണ് ബൗളർമാരെ തിരഞ്ഞെടുക്കേണ്ടതെന്നും, കളിക്കാരുടെ ആത്മവിശ്വാസവും ഫിറ്റ്‌നസും നഷ്ടപ്പെടുന്നത് വരെ അവസരങ്ങൾക്കായി കാത്തിരുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെങ്‌സർക്കാർ മാത്രമല്ല, മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാനും ഇന്ത്യൻ ടീം സെലക്ഷനെതിരെ പരസ്യമായി രംഗത്തുവന്നു. രഞ്ജി ട്രോഫി പ്രകടനങ്ങളെ ദയവുചെയ്ത് അവഗണിക്കരുത് എന്നാണ് പഠാൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. അതേസമയം, നബിക്ക് പകരം ഗുർനൂർ ബ്രാറിനെ ടീമിലെടുത്തതിനെ ന്യായീകരിച്ച് ബിസിസിഐ വൃത്തങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. എല്ലാ സീസണിലും ഏറ്റവും കൂടുതൽ റണ്ണും വിക്കറ്റും എടുക്കുന്നവരുണ്ടാകുമെന്നും, വെറും സ്റ്റാറ്റിസ്റ്റിക്സ് മാത്രം നോക്കിയല്ല ടീമിനെ തിരഞ്ഞെടുക്കുന്നതെന്നുമാണ് അവരുടെ വാദം. ഗുർനൂർ ബ്രാർ ഇന്ത്യ എ ടീമിനായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും വിജയ് ഹസാരെ ട്രോഫിയിൽ പഞ്ചാബിനായി തിളങ്ങിയെന്നുമാണ് ഇവരുടെ വാദം. ആഖ്വിബ് നബിയുടെ പ്രകടനങ്ങൾ ചർച്ച ചെയ്തെങ്കിലും ടീം കോമ്പിനേഷൻ അനുസരിച്ച് ഗുർനൂറിനെ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് അജിത് അഗാർക്കറും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. പുതിയ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ അവഗണന സഭയ്ക്കുള്ളിലും പുറത്തും വലിയ ചർച്ചകൾക്ക് വഴിതുറക്കുമെന്നുറപ്പാണ്.

You may also like