ചെങ്ങന്നൂർ: സർക്കാർ വനിതാ ഐടിഐയിൽ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ അഞ്ച് വിദ്യാർഥിനികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സർവേയർ വിഭാഗത്തിലെ വിദ്യാർഥിനികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥാപനത്തിൽ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്നുള്ള ഭക്ഷ്യവിഷബാധയാകാമെന്ന സംശയത്തിലാണ് പരിശോധന.
ഉച്ചഭക്ഷണത്തിനൊപ്പം നൽകിയ അച്ചാറിന് അസാധാരണമായ രുചിവ്യത്യാസവും അരുചിയും അനുഭവപ്പെട്ടതായി ചികിത്സയിലുള്ള വിദ്യാർഥിനികൾ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാർഥിനികൾ സ്വന്തം നിലയിൽ ചികിത്സ തേടുകയായിരുന്നു.
ഏകദേശം 150 വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ പുറത്തുനിന്നുള്ള ഏജൻസിയാണ് ഭക്ഷണം എത്തിച്ചു നൽകുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് മുൻപും പരാതികൾ ഉയർന്നിരുന്നുവെന്നാണ് വിവരം.
സംഭവത്തിൽ സ്ഥാപന അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും രക്ഷിതാക്കളെ വൈകിയാണ് വിവരം അറിയിച്ചതെന്നും പി.ടി.എ ഭാരവാഹികളും രക്ഷിതാക്കളും ആരോപിച്ചു.
ഒരു മാസം മുൻപും സമാന രീതിയിൽ വിദ്യാർഥികൾക്ക് ഭക്ഷണവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ ആവശ്യമായ പരിശോധനകൾ ഉണ്ടായില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സംഭവത്തിൽ ആരോഗ്യ വകുപ്പും പൊലീസും അന്വേഷണം തുടങ്ങി.

