റിയാദ്: കരിയറിലെ ഏറ്റവും വലിയ തിരിച്ചടികൾക്കും കണ്ണീരിനും ശേഷം സൗദി പ്രോ ലീഗ് കിരീടത്തിൽ മുത്തമിട്ട് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. മൂന്നരവർഷം മുൻപ് ദോഹയിലെ ലോകകപ്പ് വേദിയിൽ കണ്ണീരോടെ കളംവിട്ട ഈ മുപ്പത്തിയൊമ്പതുകാരൻ, കരിയറിന്റെ അസ്തമയമെന്ന് പരിഹസിച്ചവർക്ക് മുന്നിലാണ് അൽ നസറിനൊപ്പം പുതിയൊരു ചരിത്രം കുറിച്ചിരിക്കുന്നത്. റിയാദിലെ അലാവൽ പാർക്കിൽ നടന്ന നിർണ്ണായക മത്സരത്തിൽ ഡമാക്കിനെതിരെ ബോക്സിനുള്ളിൽ നിന്ന് റൊണാൾഡോ തൊടുത്ത മനോഹരമായ ഷോട്ട് അൽ നസറിന്റെ ലീഡ് മൂന്നായി ഉയർത്തിയതോടെയാണ് സ്റ്റേഡിത്തിൽ ‘സൂ’ മുഴക്കങ്ങൾക്കൊപ്പം കിരീടാരവമുയർന്നത്. നാല് സീസണുകളുടെ കഠിനാധ്വാനത്തിനും നഷ്ടബോധങ്ങൾക്കും ഒടുവിൽ സൗദി മണ്ണിൽ ആദ്യ കിരീടം ചൂടിയപ്പോൾ വിതുമ്പലോടെയാണ് താരം ഈ നേട്ടം ആഘോഷിച്ചത്.
യൂറോപ്പിലെ വമ്പൻ ലീഗുകളെല്ലാം കീഴടക്കിയ ക്രിസ്റ്റ്യാനോയ്ക്ക് ഈ സൗദി ലീഗ് കിരീടം ഏറെ സവിശേഷത നിറഞ്ഞതാണ്. സ്പോർട്ടിങ് സിപിയിലൂടെ വളർന്ന്, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് തുടങ്ങിയ ക്ലബ്ബുകളിൽ വിപ്ലവം സൃഷ്ടിച്ച റൊണാൾഡോ യൂറോപ്പ് വിട്ട് അൽ നസറിലേക്ക് ചേക്കേറിയപ്പോൾ പലരും അതിനെ ‘റിട്ടയർമെന്റ് ലീഗ്’ എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോ തെളിച്ച വഴിയിലൂടെ നെയ്മർ, സാദിയോ മാനെ, കരിം ബെൻസിമ, ജാവോ ഫെലിക്സ് തുടങ്ങിയ ലോകോത്തര താരങ്ങൾ സൗദിയിലേക്ക് ഒഴുകിയെത്തി. ക്രിസ്റ്റ്യാനോ എന്ന ആഗോള ബ്രാൻഡ് ലീഗിന് നൽകിയ എക്സ്പോഷർ ചെറുതായിരുന്നില്ല. ലോകത്തിന്റെ വിവിധ കോണുകളിലേക്ക് ലീഗിന്റെ സംപ്രേഷണം പടരുകയും തെരുവുകളിൽ അൽ നസർ ജേഴ്സികൾ നിറയുകയും ചെയ്തു.
സൗദിയിലെത്തിയ ശേഷവും ഗോൾവേട്ട തുടർന്നെങ്കിലും കിരീടങ്ങൾ മാത്രം ക്രിസ്റ്റ്യാനോയ്ക്ക് എപ്പോഴും അകന്നുനിന്നിരുന്നു. ക്ലബ്ബുകളുടെ തുല്യതയില്ലാത്ത സാമ്പത്തിക വിന്യാസങ്ങൾക്കെതിരെയും അൽ നസറിനോട് കാണിക്കുന്ന ചില അനീതികൾക്കെതിരെയും പരസ്യമായി പ്രതികരിച്ചും മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നും റൊണാൾഡോ തന്റെ പോരാട്ടം തുടർന്നു. പല ഫൈനലുകളിലും പരാജയപ്പെട്ട് മെഡൽ പോലും വാങ്ങാതെ നിരാശയോടെ കളംവിട്ട താരം ടീമിന്റെ പോരായ്മകളെ മറികടന്ന് ഒടുവിൽ കപ്പിൽ മുത്തമിട്ടിരിക്കുകയാണ്. സൗദിയിലും രാജാവായി മാറിയ ക്രിസ്റ്റ്യാനോയുടെ അടുത്ത ലക്ഷ്യം കരിയറിൽ ഇതുവരെ സ്വന്തമാക്കാനാകാത്ത ആ വലിയ സ്വപ്നമാണ്. അമേരിക്കയിൽ നടക്കാനിരിക്കുന്ന വിശ്വവേദിയിലേക്ക് പോർച്ചുഗലിന്റെ പറങ്കിപ്പടയുമായി റൊണാൾഡോ എത്തുമ്പോൾ ഫുട്ബോൾ കരിയറിന്റെ പൂർണ്ണത മാത്രമായിരിക്കും ഇനിയുള്ള ലക്ഷ്യം.

