Home Keralaസംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത 5 ദിവസം വ്യാപക മഴക്ക് സാധ്യത, ഇന്ന് എട്ട് ജില്ലകളിൽ അലേർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത 5 ദിവസം വ്യാപക മഴക്ക് സാധ്യത, ഇന്ന് എട്ട് ജില്ലകളിൽ അലേർട്ട്

by news_desk
0 comments

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം കനക്കുന്നു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് എട്ട് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും മറ്റന്നാൾ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി രൂപപ്പെട്ടതും അറബിക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതുമാണ് മഴ ശക്തമാകാൻ കാരണം. അതേസമയം, കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയിരുന്ന മത്സ്യബന്ധന വിലക്ക് പിൻവലിച്ചിട്ടുണ്ട്.

മഴ കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറി താമസിക്കണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും കരുതണം.

ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ ചെയ്യുന്നത് പൂർണ്ണമായി ഒഴിവാക്കണം. വിനോദയാത്രകളും മലയോര മേഖലകളിലേക്കുള്ള യാത്രകളും മഴ മുന്നറിയിപ്പ് മാറുന്നത് വരെ മാറ്റിവെക്കുക. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്. അപകടാവസ്ഥയിലുള്ള മരങ്ങളും ബോർഡുകളും സുരക്ഷിതമാക്കണം. ദുരന്ത സാധ്യത മേഖലയിലുള്ളവർ അടിയന്തരമായി എമർജൻസി കിറ്റുകൾ തയ്യാറാക്കി വെക്കേണ്ടതാണ്. സഹായങ്ങൾക്കായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകളുമായി ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു. പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റയുടൻ നേരിടുന്ന ആദ്യ പ്രകൃതിക്ഷോഭ സാഹചര്യമായതിനാൽ റവന്യൂ-ദുരന്തനിവാരണ വകുപ്പുകൾക്ക് ജാഗ്രത പുലർത്താൻ ഭരണകൂടം കർശന നിർദേശം നൽകിയിട്ടുണ്ട്.

You may also like