Home Top Storiesമലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: പരിഹാരത്തിനായി അടിയന്തര സമവായ ചർച്ച ഇന്ന് രാത്രി കൊച്ചിയിൽ

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: പരിഹാരത്തിനായി അടിയന്തര സമവായ ചർച്ച ഇന്ന് രാത്രി കൊച്ചിയിൽ

by news_desk
0 comments

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ മുൻകൈയെടുത്ത് ഇന്ന് രാത്രി അടിയന്തര സമവായ ചർച്ച നടത്തും. എറണാകുളം കളക്ടറേറ്റിൽ രാത്രി എട്ട് മണിക്ക് നടക്കുന്ന ചർച്ചയിൽ റവന്യൂ മന്ത്രി റോജി എം. ജോൺ, കുന്നത്ത്നാട് എംഎൽഎ വി.പി. സജീന്ദ്രൻ എന്നിവർ പങ്കെടുക്കും. ചർച്ചയിൽ ഉന്നത ഉദ്യോഗസ്ഥരും പരാതിക്കാരായ കുടുംബങ്ങളും ഒത്തുതീർപ്പ് ചർച്ചകളിൽ ഭാഗമാകും. മലയിടംതുരുത്തിൽ താമസിക്കുന്ന എട്ട് ദളിത് കുടുംബങ്ങളെയും നാളെ വൈകിട്ടോടുകൂടി ഒഴിപ്പിക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതി ഉത്തരവിട്ടിരിക്കുന്നത്. നാളെ രാവിലെ അഡ്വക്കേറ്റ് കമ്മീഷൻ വൻ പോലീസ് സന്നാഹത്തോടെ സ്ഥലത്തെത്താൻ സാധ്യതയുള്ളതിനാലാണ് സർക്കാരിന്റെ ഈ നിർണായക ഇടപെടൽ. കുടുംബങ്ങളുമായി സംസാരിച്ച് രമ്യമായ പരിഹാരം കണ്ടെത്താൻ മന്ത്രി റോജി എം. ജോണിനെ സർക്കാർ പ്രത്യേകമായി ചുമതലപ്പെടുത്തുകയായിരുന്നു.

പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റയുടൻ നേരിടുന്ന ഏറ്റവും വലിയ ക്രമസമാധാന വെല്ലുവിളികളിലൊന്നാണ് കുന്നത്ത്നാട് മലയിടംതുരുത്തിലെ ഈ കുടിയൊഴിപ്പിക്കൽ പ്രശ്നം. വിഷയത്തിൽ കൂടുതൽ സാവകാശം തേടി സർക്കാർ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. അതിനിടെ, കുടിയൊഴിപ്പിക്കലിനെതിരെ പ്രദേശത്ത് സമരം കടുപ്പിക്കാനാണ് സിപിഐഎം തീരുമാനം. തർക്കം നിലനിൽക്കുന്ന രണ്ടേക്കർ 65 സെന്റ് ഭൂമിയിൽ നിന്ന് ഒരു കാരണവശാലും ഒഴിഞ്ഞുപോവില്ലെന്നാണ് അവിടെ താമസിക്കുന്ന കുടുംബങ്ങൾ വ്യക്തമാക്കുന്നത്. ഒ ഒഴിപ്പിക്കൽ നടപടിയുണ്ടായാൽ പ്രദേശത്ത് വലിയ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ഈ സംഘർഷ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തി താൽക്കാലിക സ്റ്റേ വാങ്ങാനാണ് സർക്കാർ തലത്തിൽ ശ്രമം നടക്കുന്നത്.

ആകെ 19 ഏക്കർ വരുന്ന ഭൂമിയിൽ രണ്ട് ഏക്കർ 60 സെന്റോളം വരുന്ന സ്ഥലം കിഴക്കമ്പലം സ്വദേശിയായ സ്വകാര്യ വ്യക്തിയുടേതാണെന്ന് 2022-ലാണ് കോടതി ഉത്തരവിടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അഭിഭാഷക കമ്മീഷനെ നിയമിക്കുകയും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഈ നിയമപോരാട്ടങ്ങൾ വർഷങ്ങളായി തുടരുമ്പോഴും, തലമുറകളായി ഇവിടെ താമസിക്കുന്ന പാവപ്പെട്ട കുടുംബങ്ങളുടെ മുന്നോട്ടുള്ള ജീവിതമാണ് ഇപ്പോൾ പൂർണ്ണമായി പ്രതിസന്ധിയിലായിരിക്കുന്നത്. ഇന്ന് രാത്രി നടക്കുന്ന ചർച്ചയിൽ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

You may also like