Home KeralaSDPI നേതാവിനോടൊപ്പമുള്ള എ വിജയരാഘവന്റെ വീഡിയോ; വ്യക്തിഹത്യ നടത്താനുള്ള നീക്കത്തെ തള്ളിക്കളയുന്നു, CPIM മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്

SDPI നേതാവിനോടൊപ്പമുള്ള എ വിജയരാഘവന്റെ വീഡിയോ; വ്യക്തിഹത്യ നടത്താനുള്ള നീക്കത്തെ തള്ളിക്കളയുന്നു, CPIM മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്

by news_desk
0 comments

മലപ്പുറം: സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനും എസ്ഡിപിഐ നേതാവും ഒരുമിച്ചുള്ളതെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. പാർട്ടി നേതാക്കളെ തിരഞ്ഞുപിടിച്ച് വ്യക്തിഹത്യ നടത്താനുള്ള ബോധപൂർവമായ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണിതെന്നും ഇതിനെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും പാർട്ടി അറിയിച്ചു.

സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ഗഫൂർ പി. ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശന ചടങ്ങിൽ എ. വിജയരാഘവൻ പങ്കെടുത്തപ്പോഴുള്ള ദൃശ്യങ്ങളാണ് വിവാദമാക്കാൻ ശ്രമിക്കുന്നത്. ഈ ചടങ്ങിനോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ ഒരു എസ്ഡിപിഐ പ്രാദേശിക നേതാവ് പാടുന്ന സമയത്ത്, വിജയരാഘവൻ സമീപത്തെ ഹാളിലിരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളാണ് ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിക്കുന്നത്. യാഥാർത്ഥ്യം അന്വേഷിക്കാതെ ചില മാധ്യമങ്ങൾ ഇത് വാർത്തയാക്കുകയായിരുന്നുവെന്നും സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. മതതീവ്രവാദ ശക്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്ന നേതാവാണ് വിജയരാഘവൻ. മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന്റെ പേരിൽ സംഘപരിവാറും മുസ്ലിം തീവ്രവാദ സംഘടനകളും ഒരേപോലെ അദ്ദേഹത്തെ ലക്ഷ്യമിടാറുണ്ട്. അടിസ്ഥാനരഹിതമായ ഇത്തരം വ്യാജ പ്രചാരണങ്ങളിൽ നിന്നും വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണമെന്നും വാർത്ത തിരുത്താൻ തയ്യാറാകണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

You may also like