Home Keralaമൊബൈൽ ക്യാമറയ്ക്ക് വിലക്ക്, ഇ-ചെലാനിൽ ഇനി ഇപോസ് മാത്രം; ഗുണമേന്മയില്ലാത്ത മെഷീനിൽ കുടുങ്ങി മോട്ടോർ വാഹന വകുപ്പ്

മൊബൈൽ ക്യാമറയ്ക്ക് വിലക്ക്, ഇ-ചെലാനിൽ ഇനി ഇപോസ് മാത്രം; ഗുണമേന്മയില്ലാത്ത മെഷീനിൽ കുടുങ്ങി മോട്ടോർ വാഹന വകുപ്പ്

by news_desk1
0 comments

കക്കോടി: വാഹന നിയമലംഘനങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പിഴ ചുമത്തുന്ന രീതിക്ക് നിയന്ത്രണം വന്നതോടെ പ്രതിസന്ധിയിലായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഇനി നിയമലംഘനങ്ങൾ പകർത്തി ഇ-ചെലാൻ തയ്യാറാക്കാൻ ഇപോസ് മെഷീൻ മാത്രമേ ഉപയോഗിക്കാവൂവെന്ന നിർദേശമാണ് ഉദ്യോഗസ്ഥർക്ക് തിരിച്ചടിയായത്. ലഭിച്ച മെഷീനുകളുടെ ഗുണമേന്മക്കുറവും ആവശ്യത്തിന് ഉപകരണങ്ങളില്ലാത്തതും പരിശോധനാ നടപടികളെ ബാധിക്കുന്നതായാണ് പരാതി.

ഇതുവരെ ഉദ്യോഗസ്ഥർ സ്വന്തം മൊബൈൽ ഫോണിലെ ക്യാമറ ഉപയോഗിച്ചാണ് വാഹന നിയമലംഘനങ്ങളുടെ ചിത്രങ്ങളെടുത്ത് പിഴ ചുമത്തിയിരുന്നത്. എന്നാൽ, പുതിയ നിർദേശപ്രകാരം മൊബൈൽ ഫോണിലൂടെ നിയമലംഘനങ്ങൾ പകർത്താൻ കഴിയില്ല. ഗുരുതരമായ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും ഇപോസ് മെഷീൻ ഉപയോഗിച്ച് മാത്രമേ ചിത്രമെടുത്ത് തുടർനടപടികൾ സ്വീകരിക്കാനാകൂ.

ഇപോസ് മെഷീനിൽ പകർത്തിയ ചിത്രങ്ങളുടെ വ്യക്തതക്കുറവും ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. മെഷീനിൽ പകർത്തിയ നിയമലംഘനത്തിന്റെ ചിത്രം വ്യക്തമല്ലെന്ന കാരണത്താൽ കോഴിക്കോട് കോടതിയിൽ ഒരു കേസ് തള്ളിയതും ഉദ്യോഗസ്ഥർക്ക് തിരിച്ചടിയായി. ഇത്തരത്തിൽ കോടതിയിൽ നടപടികൾ ചോദ്യം ചെയ്യപ്പെടുന്നത് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സാങ്കേതിക സംവിധാനത്തിലെ മാറ്റത്തിന്റെ ഭാഗമായി മൊബൈൽ ഫോണിൽ ഇ-ചെലാൻ വിവരങ്ങൾ ലഭിക്കുന്നതിനും നിയന്ത്രണമുണ്ടായി. ഇനി ഇപോസ് മെഷീനിലൂടെയാണ് വിവരങ്ങൾ ലഭ്യമാകുക. എന്നാൽ, എല്ലാ ഉദ്യോഗസ്ഥർക്കും ഒരേസമയം ഉപയോഗിക്കാൻ ആവശ്യമായ മെഷീനുകൾ ലഭ്യമല്ലെന്നും നിലവിലുള്ളവയുടെ ഗുണമേന്മ തൃപ്തികരമല്ലെന്നും പരാതിയുണ്ട്.

വ്യക്തതയില്ലാത്ത ചിത്രങ്ങളുടെ പേരിൽ നടപടികൾ കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും ഉപകരണങ്ങളുടെ പരിമിതികൾ കാരണം ജോലി ബുദ്ധിമുട്ടിലാകുകയും ചെയ്യുന്ന സാഹചര്യത്തിൽ, അനാവശ്യമായ നിയമക്കുരുക്കുകൾ ഒഴിവാക്കാനുള്ള നിലപാടിലാണ് ചില ഉദ്യോഗസ്ഥർ. നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുക്കാനുള്ള ഉത്തരവാദിത്വവും സാങ്കേതിക സംവിധാനങ്ങളുടെ പോരായ്മകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ വാഹന പരിശോധനയുടെ കാര്യക്ഷമതയെ ഇത് ബാധിക്കുമെന്ന ആശങ്കയും ഉയരുന്നു.

You may also like