Home Keralaസിനഗോഗിന് സമീപം തീവെപ്പ്; ‘ബോസിന്റെ’ നിർദേശമെന്ന് മൊഴി, പ്രതിഫലം ക്രിപ്റ്റോകറൻസിയിൽ? രാജ്യാന്തര ബന്ധം അന്വേഷിച്ച് ഏജൻസികൾ

സിനഗോഗിന് സമീപം തീവെപ്പ്; ‘ബോസിന്റെ’ നിർദേശമെന്ന് മൊഴി, പ്രതിഫലം ക്രിപ്റ്റോകറൻസിയിൽ? രാജ്യാന്തര ബന്ധം അന്വേഷിച്ച് ഏജൻസികൾ

by news_desk1
0 comments

കൊച്ചി: എറണാകുളം മാർക്കറ്റിലെ സിനഗോഗിന് സമീപം നഴ്സറിക്ക് തീയിട്ട സംഭവത്തിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടോയെന്ന് അന്വേഷിച്ച് പൊലീസ്. പുത്തൻകുരിശ് സ്വദേശി എബിൻ പോൾ (32) ആണ് കേസിൽ പിടിയിലായത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് വിദേശബന്ധമുള്ളവരുമായുള്ള ആശയവിനിമയങ്ങളും ഓൺലൈൻ ഗ്രൂപ്പുകളിലെ സന്ദേശങ്ങളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ‘ബോസ്’ എന്ന് വിശേഷിപ്പിക്കുന്ന ഒരാളുടെ നിർദേശപ്രകാരമാണ് തീവെപ്പ് നടത്തിയതെന്നും ക്രിപ്റ്റോകറൻസി വഴി പ്രതിഫലം ലഭിക്കുന്ന രീതിയിലാണ് പ്രവർത്തിച്ചതെന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒക്ടോബർ 12ന് പുലർച്ചെ 2.30ഓടെയാണ് എറണാകുളം മാർക്കറ്റിലെ കടവുഭാഗം സിനഗോഗിന് മുന്നിലുള്ള ബ്ലോസം നഴ്സറിയിൽ തീവെപ്പുണ്ടായത്. നീല നിറത്തിലുള്ള ഇഗ്നിസ് കാറിലെത്തിയ പ്രതി നഴ്സറിക്ക് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയശേഷം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി മടങ്ങിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

രാത്രികാലങ്ങളിൽ മാർക്കറ്റിലെ ഭൂരിഭാഗം സി.സി.ടി.വി ക്യാമറകളും പ്രവർത്തനരഹിതമായിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയായി. എന്നിരുന്നാലും ലഭ്യമായ ദൃശ്യങ്ങളും നൂറ്റമ്പതോളം പേരിൽ നിന്ന് ശേഖരിച്ച വിവരങ്ങളും സൈബർ വിഭാഗത്തിന്റെ സഹായത്തോടെ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്. തുടർന്ന് പുത്തൻകുരിശിലെ വാടകവീട്ടിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതിയുടെ ഫോണിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾക്ക് പുറമെ വിദേശബന്ധമുള്ള വ്യക്തികളുമായും വിവിധ ഓൺലൈൻ ഗ്രൂപ്പുകളുമായും നടത്തിയ ആശയവിനിമയങ്ങളും കണ്ടെത്തിയതായി പൊലീസ് പറയുന്നു. നിർദേശിക്കുന്ന ലക്ഷ്യങ്ങളിൽ ആക്രമണം നടത്തുക, അതിന്റെ ദൃശ്യങ്ങൾ പകർത്തി അയച്ചുകൊടുക്കുക, ക്രിപ്റ്റോകറൻസി വഴി പ്രതിഫലം കൈപ്പറ്റുക എന്നിവയായിരുന്നു പ്രവർത്തനരീതിയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. രാജ്യത്തെ വിവിധ നഗരങ്ങളിൽ ആക്രമണം നടത്തുന്നതിനെക്കുറിച്ചും യഹൂദ ആരാധനാലയങ്ങളെക്കുറിച്ചുമുള്ള പരാമർശങ്ങളും സന്ദേശങ്ങളിലുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യാന്തര തീവ്രവാദ ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരികയാണ്. എന്നാൽ, ആരോപിക്കപ്പെടുന്ന ബന്ധങ്ങളുടെ സ്വഭാവവും വ്യാപ്തിയും അന്വേഷണത്തിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്.

മൂവാറ്റുപുഴയിൽ മുമ്പ് നടന്ന മറ്റൊരു തീവെപ്പ് സംഭവത്തിലും തനിക്ക് പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിൽ എബിൻ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇയാളുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ലഭിച്ചതായാണ് വിവരം. ഈ വിവരങ്ങൾ എറണാകുളം റൂറൽ പൊലീസിന് കൈമാറിയിട്ടുണ്ട്.

കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അരുൺ കെ. പവിത്രൻ, എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ പ്രതിയെ പിടികൂടി നിർണായക തെളിവുകൾ ശേഖരിച്ചതിന് കൊച്ചി സിറ്റി പൊലീസിനെ സംസ്ഥാന പൊലീസ് മേധാവിയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും പ്രശംസിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

You may also like