Home Keralaകണ്ണൂർ വനിതാ ജയിലിൽ എംഡിഎംഎ പിടികൂടി

കണ്ണൂർ വനിതാ ജയിലിൽ എംഡിഎംഎ പിടികൂടി

by news_desk1
0 comments

കണ്ണൂർ: ലഹരിക്കേസുകളിൽ പ്രതികളായ രണ്ട് വനിതാ തടവുകാരിൽ നിന്ന് കണ്ണൂർ വനിതാ ജയിലിൽ എംഡിഎംഎ പിടികൂടി. റോഷ്‌നി സാവിയോ, റുബൈദ എന്നിവരിൽ നിന്നാണ് 0.30 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ജയിലിലേക്ക് ലഹരിമരുന്ന് എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ലഹരിക്കേസുകളുമായി ബന്ധപ്പെട്ട് ന്യൂമാഹി കോടതിയിൽ ഹാജരാക്കിയ ശേഷം ഇരുവരെയും ജയിലിൽ തിരിച്ചെത്തിച്ചിരുന്നു. തുടർന്ന് വെള്ളം കുടിക്കാൻ ഗ്ലാസ് എടുത്തപ്പോഴുണ്ടായ സംശയത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. റോഷ്‌നി ആറ് ദിവസം മുമ്പും റുബൈദ രണ്ട് ദിവസം മുമ്പുമാണ് ജയിലിലെത്തിയത്.

ആറ് ദിവസം മുമ്പ് കൂട്ടുപുഴ ചെക്ക്‌പോസ്റ്റിൽ 194 എംഡിഎംഎയുമായി ഉളിക്കൽ സ്വദേശികളായ രണ്ടുപേർ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ റോഷ്‌നിയാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് മൊഴി നൽകിയതായാണ് വിവരം. തുടർന്ന് ഇരിട്ടി പൊലീസ് തൃശൂരിൽ നിന്നാണ് റോഷ്‌നിയെ പിടികൂടിയത്. പോക്സോ കേസിലും പ്രതിയായ റോഷ്‌നിയുടെ യഥാർഥ പേര് സാബിറയാണെന്നാണ് പൊലീസ് പറയുന്നത്. അന്താരാഷ്ട്ര ലഹരിസംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു.

ന്യൂമാഹിയിൽ നിന്നാണ് റുബൈദയെ ലഹരിമരുന്നുമായി പിടികൂടിയത്. ന്യൂമാഹിയിലെ വാടകവീട് കേന്ദ്രീകരിച്ച് റുബൈദയും ആൺസുഹൃത്തും ലഹരിക്കച്ചവടം നടത്തിവരുന്നതിനിടെയാണ് ഇരുവരും പിടിയിലായതെന്നാണ് വിവരം.

ഇരുവരും ജയിലിനുള്ളിലേക്ക് എംഡിഎംഎ കടത്തിയത് എങ്ങനെയെന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.

You may also like