ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിച്ച കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കൾക്കെതിരെ നടപടി. അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിൻക്യ ഷിൻഡെ എന്നിവരെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെങ്കിലും പിന്നീട് അജിൻക്യ ഷിൻഡെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.
അനുമതിയില്ലാതെ ജന്തർ മന്തറിൽ പ്രവേശിച്ചതിനെ തുടർന്നാണ് മൂന്നുപേരെയും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്. ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധസ്ഥലത്ത് പ്രവേശിച്ച ഇവർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചതായാണ് ആരോപണം. അതിക്രമിച്ചു കടക്കൽ, നിരോധനാജ്ഞ ലംഘിക്കൽ, സമാധാന ഉടമ്പടി ലംഘിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇന്ന് രാവിലെ എട്ടുമണിയോടെ മൂന്നുപേരെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. തുടർന്ന് അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടു. എന്നാൽ, അജിൻക്യ ഷിൻഡെയ്ക്ക് പിന്നീട് ഉപാധികളോടെ ജാമ്യം ലഭിച്ചു.
അതേസമയം, കസ്റ്റഡിയിലെടുത്ത നേതാക്കളെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചിരിക്കുകയാണെന്ന് സിജെപി നേതാവ് രത്ന സിങ് നേരത്തെ ആരോപിച്ചിരുന്നു. പുലർച്ചെ മൂന്നുമണിയോടെ സ്വകാര്യ വാനിലാണ് ഇവരെ സ്റ്റേഷനിലെത്തിച്ചതെന്നും രാത്രി വൈകുംവരെ അഭിഭാഷകരെ കാണാൻ അനുവദിച്ചില്ലെന്നും രത്ന സിങ് സാമൂഹികമാധ്യമത്തിലെ കുറിപ്പിൽ അവകാശപ്പെട്ടു. മൂന്നുപേരെയും തിഹാർ ജയിലിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞിരുന്നു. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള നേതാക്കളുടെ ചിത്രങ്ങളും രത്ന സിങ് പങ്കുവച്ചിരുന്നു.
