Home Keralaസി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് തുടക്കം; പിണറായി പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി ചർച്ച ശക്തമാകാൻ സാധ്യത

സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് തുടക്കം; പിണറായി പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി ചർച്ച ശക്തമാകാൻ സാധ്യത

by news_desk1
0 comments

ന്യൂഡൽഹി: സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ദില്ലിയിൽ ആരംഭിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് തിരിച്ചടിക്കു പിന്നാലെ പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാൻ പോളിറ്റ് ബ്യൂറോ ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അനുമതി നൽകിയ കാര്യം കേന്ദ്ര കമ്മിറ്റിയെ നേതൃത്വം അറിയിച്ചു. ഈ തീരുമാനത്തിനെതിരെ കേന്ദ്ര കമ്മിറ്റിക്കുള്ളിലും ചില അംഗങ്ങൾ അഭിപ്രായം ഉയർത്താൻ സാധ്യതയുണ്ടെന്നാണ് സൂചന.

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം പാർട്ടിക്ക് വലിയ തിരിച്ചടിയായിരുന്നുവെന്നും അതിനെ ഗൗരവത്തോടെ വിലയിരുത്തി തിരുത്തൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നുമാണ് പോളിറ്റ് ബ്യൂറോയുടെ പ്രാഥമിക വിലയിരുത്തൽ. സംസ്ഥാന സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നില്ലെങ്കിലും മാറ്റം ആവശ്യപ്പെടുന്ന ജനമനോഭാവം തിരിച്ചറിയുന്നതിൽ വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

യു.ഡി.എഫ് ഉയർത്തിയ രാഷ്ട്രീയ പ്രചാരണത്തെ ഫലപ്രദമായി നേരിടാനായില്ലെന്നും സംഘടനാതല ദൗർബല്യങ്ങൾ വിശദമായി പരിശോധിക്കണമെന്നും കേന്ദ്ര കമ്മിറ്റി യോഗത്തിൽ അഭിപ്രായമുയർന്നു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലുണ്ടായ തിരിച്ചടിയും മുൻ പ്രവർത്തകരുടെ വിജയവും ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും വിലയിരുത്തലിലുണ്ട്.

പാർട്ടി കോൺഗ്രസിന്റെ പ്രത്യേക ഇളവിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയൻ കേന്ദ്ര കമ്മിറ്റിയിൽ തുടരുന്നതെന്ന് ചൂണ്ടിക്കാട്ടി, പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള തീരുമാനത്തിൽ പുനർവിചാരം വേണമെന്ന നിലപാട് ചില അംഗങ്ങൾ മുൻപ് പോളിറ്റ് ബ്യൂറോയിൽ ഉന്നയിച്ചിരുന്നു. എന്നാൽ ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള അംഗീകാരം നൽകിയതായും നേതൃത്വം വ്യക്തമാക്കി.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം, തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ, സംഘടനാ പുനഃസംഘടന എന്നിവ കേന്ദ്ര കമ്മിറ്റി യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങളായിരിക്കും.

You may also like