Home Keralaവിറകിന് കുതിച്ചുയരുന്ന വില; ഗ്രാമീണ മേഖലയിൽ ക്ഷാമവും രൂക്ഷമാകുന്നു

വിറകിന് കുതിച്ചുയരുന്ന വില; ഗ്രാമീണ മേഖലയിൽ ക്ഷാമവും രൂക്ഷമാകുന്നു

by news_desk1
0 comments

നെന്മാറ: പാചകവാതക ലഭ്യതയിലെ പ്രതിസന്ധിയും വിലവർധനവും തുടരുന്നതിനിടെ സംസ്ഥാനത്ത് വിറകിനുള്ള ആവശ്യകത കുത്തനെ ഉയർന്നു. ആവശ്യക്കാർ വർധിച്ചതോടെ വിറകിന്റെ വിലയും റെക്കോർഡ് നിരക്കിലേക്ക് ഉയർന്നിരിക്കുകയാണ്. ഇതോടൊപ്പം ഗ്രാമപ്രദേശങ്ങളിൽ വിറക് ലഭ്യതക്കുറവും രൂക്ഷമാകുന്നതായി വ്യാപാരികളും നാട്ടുകാരും പറയുന്നു.

മുമ്പ് ടണ്ണിന് 5,000 രൂപ ലഭിച്ചിരുന്ന പുളിവിറകിന് ഇപ്പോൾ 8,000 മുതൽ 8,500 രൂപവരെയാണ് വില ഉയർന്നത്. പാഴ്മരങ്ങളിൽ നിന്നുള്ള വിറകിനും ടണ്ണിന് 6,000 രൂപ നിരക്കിലെത്തി. റബർ മരത്തിന്റെ വിറകിനും വിലയിൽ ഗണ്യമായ വർധനയുണ്ട്.

ആവശ്യത്തിനുള്ള വിറക് ലഭിക്കാത്ത സാഹചര്യത്തിൽ സ്വകാര്യമായി മരങ്ങൾ മുറിച്ച് വിറകാക്കി സംഭരിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. എന്നാൽ വിറക് തയ്യാറാക്കാൻ തൊഴിലാളികളുടെ ലഭ്യത കുറവും മരം പൊളിക്കുന്ന യന്ത്രങ്ങളുടെ അപര്യാപ്തതയും മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.

മരം വിറകാക്കുന്ന യന്ത്രങ്ങൾക്ക് മണിക്കൂറിന് ഏകദേശം 650 രൂപവരെ വാടക നൽകേണ്ടിവരുന്നുണ്ട്. ഒരു മണിക്കൂറിൽ ഏകദേശം ഒരു ടൺ വിറക് തയ്യാറാക്കാൻ കഴിയുമെന്നാണ് കണക്ക്.

ഇതിനിടെ മുറിച്ച മരങ്ങൾ വലിയ തോതിൽ തമിഴ്നാട്ടിലേക്കും വ്യവസായ സ്ഥാപനങ്ങളിലേക്കും ചൂളകളിലേക്കും കൊണ്ടുപോകുന്നതും ഗ്രാമീണ മേഖലകളിലെ വിറക് ക്ഷാമത്തിന് കാരണമാകുന്നുവെന്നാണ് പരാതി.

പാചകവാതക വില വർധനയും വിതരണത്തിലെ അനിശ്ചിതത്വവും കാരണം സാധാരണ കുടുംബങ്ങൾ വീണ്ടും വിറകിനെ ആശ്രയിക്കാൻ തുടങ്ങിയതോടെ വരും ദിവസങ്ങളിൽ വില ഇനിയും ഉയരാനിടയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.

You may also like