ന്യൂഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി. പുതിയ നിരക്കുപ്രകാരം പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്. രണ്ടാഴ്ചയ്ക്കിടെ ഇന്ധനവിലയിൽ രേഖപ്പെടുത്തുന്ന നാലാമത്തെ വർധനയാണിത്.
പുതിയ വില നിലവിൽ വന്നതോടെ ഡൽഹിയിൽ പെട്രോളിന്റെ വില ലിറ്ററിന് 102.12 രൂപയായപ്പോൾ ഡീസലിന്റെ വില 95.20 രൂപയായി ഉയർന്നു.
ഇതിന് മുൻപ് നടന്ന വിലവർധനയിൽ പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും കൂട്ടിയിരുന്നു. തുടർച്ചയായ വിലവർധന സാധാരണ ഉപഭോക്താക്കളെയും ഗതാഗത മേഖലയെയും കൂടുതൽ സമ്മർദത്തിലാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.
അതേസമയം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വിലയിൽ ഇടിവാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 98.22 ഡോളറിലെത്തി. ഏകദേശം 5.1 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.
അമേരിക്ക–ഇറാൻ ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ആഗോള എണ്ണവിലയിൽ കുറവ് രേഖപ്പെടുത്തുന്നതെങ്കിലും ആഭ്യന്തര വിപണിയിൽ അതിന്റെ പ്രതിഫലനം ഇതുവരെ പ്രകടമായിട്ടില്ല.

