Home Editorialമധുവിധു തീരുന്നതിന് മുമ്പേ ‘കല്ലുകടി’സതീശൻ സർക്കാരിൽ ഏകപക്ഷീയ നീക്കമോ?

മധുവിധു തീരുന്നതിന് മുമ്പേ ‘കല്ലുകടി’സതീശൻ സർക്കാരിൽ ഏകപക്ഷീയ നീക്കമോ?

by news_desk
0 comments

വി.ഡി സതീശൻ സർക്കാർ അധികാരമേറ്റെടുത്തിട്ട് ദിവസങ്ങൾ മാത്രമാണ് പിന്നിടുന്നത്. എന്നാൽ, ഭരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ജനകീയവും ജനപ്രിയവുമായ ചില സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ട് പുതിയ സർക്കാർ ശ്രദ്ധ നേടിക്കഴിഞ്ഞു. “First impression is the best impression” എന്ന പഴമൊഴിപോലെ തന്നെ, ജനങ്ങളും പുതിയ മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും പ്രതീക്ഷയോടെയും വിശ്വാസത്തോടെയും സ്വീകരിച്ചിരിക്കുകയാണ്. ദീർഘകാല പ്രതിപക്ഷ ജീവിതത്തിനുശേഷം അധികാരത്തിലേറിയ യു.ഡി.എഫ് സർക്കാരിന് ഇത് സ്വാഭാവികമായ രാഷ്ട്രീയ മൂലധനവുമാണ്. എന്നാൽ, ഈ നല്ല തുടക്കത്തിനിടയിൽ തന്നെ സർക്കാരിന്റെ ആഭ്യന്തര കെട്ടുറപ്പിനെയും കൂട്ടായ്മയെയും ചോദ്യം ചെയ്യുന്ന ചില സംഭവവികാസങ്ങൾ പുറത്തുവരുന്നത് ആശങ്കാജനകമാണ്. പ്രത്യേകിച്ച് സംസ്ഥാന സിവിൽ സർവീസ് രംഗത്ത് നടത്തിയ ചില നിർണായക നിയമനങ്ങൾ മന്ത്രിസഭയിലോ മുന്നണിയിലോ യാതൊരു കൂടിയാലോചനയും കൂടാതെയാണെന്ന ആരോപണം ഭരണത്തിന്റെ തുടക്കത്തിൽ തന്നെ അനാവശ്യ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള സെക്രട്ടറിയായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ യു ഖേൽക്കറെ നിയമിച്ചതും വ്യവസായ വകുപ്പ് ഡയറക്ടർ ഉൾപ്പെടെയുള്ള മാറ്റങ്ങളും മന്ത്രിമാരോ മുന്നണി നേതൃത്വമോ അറിഞ്ഞിരുന്നില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. യു.ഡി.എഫ് സർക്കാരുകളുടെ രാഷ്ട്രീയ പാരമ്പര്യം തന്നെ ആലോചനയുടെയും കൂട്ടായ്മയുടെയും ജനാധിപത്യ സംസ്കാരത്തിന്റെയും മേൽ പണിതതാണ്. പ്രധാന തീരുമാനങ്ങൾ മുന്നണി ചർച്ചകൾക്കും മന്ത്രിസഭാ ആലോചനകൾക്കും ശേഷമാണ് സാധാരണയായി പുറത്തുവരാറുള്ളത്. ആ രീതിക്ക് വിരുദ്ധമായി ഉത്തരവുകൾ ആദ്യം പുറത്തുവന്ന് പിന്നീട് മാത്രമാണ് പലരും വിവരം അറിഞ്ഞതെന്നത് പുതിയ സർക്കാരിന്റെ പ്രവർത്തനശൈലിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ശക്തമാക്കുന്നു. മുഖ്യമന്ത്രി അറിയാതെ ഇത്തരം നിയമനങ്ങൾ നടക്കില്ലെന്നത് വ്യക്തമാണ്. എന്നാൽ, മുന്നണിയിലെ മുതിർന്ന നേതാക്കളുമായോ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായോ ആലോചിക്കാതെ ഇത്രയും നിർണായകമായ നിയമനങ്ങൾ എന്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി നടപ്പാക്കിയതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി വേണ്ടിവരും. കാരണം, സർക്കാർ എന്നത് ഒരൊറ്റ വ്യക്തിയുടെ ഭരണസംവിധാനമല്ല; അത് മന്ത്രിസഭയുടെ കൂട്ടായ ഉത്തരവാദിത്വമാണ്.

മുഖ്യമന്ത്രിയുടെ ശക്തി മന്ത്രിമാരുമായുള്ള വിശ്വാസബന്ധത്തിലും ആശയവിനിമയത്തിലുമാണ് നിലകൊള്ളുന്നത്. ഇവിടെയാണ് രത്തൻ യു ഖേൽക്കറുടെ നിയമനം കൂടുതൽ രാഷ്ട്രീയ പ്രസക്തിയാർജിക്കുന്നത്. കഴിവും ട്രാക്ക് റെക്കോർഡും ഉള്ള ഉദ്യോഗസ്ഥനാണെന്നതിൽ സംശയമില്ല. പക്ഷേ, കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറായിരിക്കെ അദ്ദേഹത്തിനെതിരെ ഏറ്റവും ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചവരിൽ ഒരാൾ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശൻ തന്നെയായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നുവെന്ന വിമർശനം വരെ ഉയർന്നിരുന്നു. ദേശീയ തലത്തിൽ തന്നെ വോട്ടുചോർച്ചയും തെരഞ്ഞെടുപ്പ് സംവിധാനങ്ങളിലെ വിശ്വാസ്യതയും സംബന്ധിച്ച് കോൺഗ്രസ് ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന സമയത്ത്, അതേ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ അടുത്ത സംഘത്തിലേക്ക് എത്തിക്കുന്നത് രാഷ്ട്രീയമായി എന്ത് സന്ദേശമാണ് നൽകുന്നത്?. ഇവിടെ ഉയരുന്ന ഏറ്റവും വലിയ ആശങ്ക രാഷ്ട്രീയ ധാർമ്മികതയുടെതാണ്.

അധികാരത്തിലിരുന്നപ്പോൾ എതിർത്തവരെ അധികാരം കിട്ടിയപ്പോൾ സ്വീകരിക്കുന്ന രാഷ്ട്രീയ സൗകര്യവാദം ജനങ്ങൾ ചോദ്യം ചെയ്യുക സ്വാഭാവികമാണ്. ‘ഞങ്ങളോടൊപ്പം വന്നാൽ മുൻകാല വിമർശനങ്ങൾ എല്ലാം അവസാനിക്കും’ എന്ന തരത്തിലുള്ള സന്ദേശം ഭരണസംവിധാനത്തിന് ഒരിക്കലും ആരോഗ്യകരമല്ല. അതുകൊണ്ടുതന്നെ, ഈ നിയമനത്തിന് പിന്നിലെ സാങ്കേതിക കാരണങ്ങളും ഭരണപരമായ ആവശ്യകതയും മുഖ്യമന്ത്രി ജനങ്ങളോട് തുറന്നുപറയേണ്ട ബാധ്യതയുണ്ട്. പുതിയ സർക്കാർ ഇപ്പോഴും ‘മധുവിധു കാലഘട്ടത്തിൽ’ തന്നെയാണ്. ആ സമയത്ത് തന്നെ മന്ത്രിസഭയ്ക്കകത്തും മുന്നണിക്കകത്തും അവിശ്വാസത്തിന്റെ സൂചനകൾ ഉയരുന്നത് നല്ല രാഷ്ട്രീയ ലക്ഷണമല്ല. പരസ്യ പ്രതികരണങ്ങൾ ഇപ്പോൾ ഇല്ലെങ്കിലും, മുന്നണി യോഗങ്ങളിലും മന്ത്രിസഭയിലും ഇതുസംബന്ധിച്ച് ചോദ്യങ്ങൾ ഉയരുക സ്വാഭാവികമാണ്. പ്രത്യേകിച്ച് ശക്തമായ നേതൃകേന്ദ്രങ്ങളായ കെ.സി വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും മറികടന്ന് വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡും യു.ഡി.എഫും എടുത്ത തീരുമാനം വലിയ പ്രതീക്ഷകളോടെയായിരുന്നു.

ആ വിശ്വാസം നിലനിർത്തേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ് ഏറ്റവും കൂടുതലുള്ളത്. ജനങ്ങൾ ഈ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത് വ്യക്തിപരമായ അധികാര കേന്ദ്രീകരണത്തെയല്ല; കൂട്ടായ നേതൃത്വത്തിലൂടെ കാര്യക്ഷമവും സുതാര്യവുമായ ഭരണമാണ്. മന്ത്രിമാർക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. വകുപ്പുകളുടെ കാര്യത്തിൽ അവർ പങ്കാളികളാകേണ്ടതുണ്ട്. മുഖ്യമന്ത്രി മന്ത്രിസഭയുടെ നാഥനാണ്; ഏകാധിപതി അല്ല. ജനാഭിലാഷങ്ങളുടെ നിർവഹണമാണ് സർക്കാരിന്റെ ദൗത്യം, വ്യക്തിപരമായ രാഷ്ട്രീയ സൗകര്യങ്ങളുടെ നിർവഹണമല്ല എന്ന സത്യം പുതിയ സർക്കാർ മറക്കരുത്.

You may also like