വാഷിങ്ടൺ: ഇറാനുമായി നിലനിൽക്കുന്ന വെടിനിർത്തൽ സാഹചര്യത്തിനിടെ തെക്കൻ ഇറാനിൽ അമേരിക്ക സൈനിക നടപടി നടത്തിയതായി അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ. ബന്ദർ അബ്ബാസ് തുറമുഖ മേഖലയിലെ മിസൈൽ കേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് പുറത്തുവരുന്ന വിവരം. നടപടി സ്വയം പ്രതിരോധത്തിന്റെ ഭാഗമായിരുന്നുവെന്നാണ് അമേരിക്കൻ സൈനിക വിഭാഗത്തിന്റെ വിശദീകരണം.
ആക്രമണത്തിന് പിന്നാലെ തുറമുഖ മേഖലയിൽ സ്ഫോടന ശബ്ദം കേട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമൂസ് കടലിടുക്കിന് സമീപ പ്രദേശങ്ങളിലും സമാന ശബ്ദങ്ങൾ കേട്ടതായി വിവരങ്ങളുണ്ട്.
അതേസമയം, ഈ സൈനിക നടപടി നിലവിലുള്ള വെടിനിർത്തൽ ധാരണയുടെ ലംഘനമോ അവസാനമോ ആയി കണക്കാക്കേണ്ടതില്ലെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അന്താരാഷ്ട്ര മേൽനോട്ടത്തിൽ നശിപ്പിക്കുകയോ അമേരിക്കയ്ക്ക് കൈമാറുകയോ വേണമെന്ന് അമേരിക്ക നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ അമേരിക്കയുമായി നടക്കുന്ന ചർച്ചകൾക്കായി ഇറാന്റെ ഉന്നതതല പ്രതിനിധി സംഘം ഖത്തറിലെത്തിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകൽ, ഉപരോധ ഇളവുകൾ, ലെബനനുമായി ബന്ധപ്പെട്ട വെടിനിർത്തൽ വിഷയങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ അഭിപ്രായഭിന്നത തുടരുന്നതായാണ് സൂചന.
ഹോർമൂസ് കടലിടുക്ക്, ആണവ പദ്ധതി, സാമ്പത്തിക നിയന്ത്രണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള അന്തിമ ധാരണ വൈകിപ്പിക്കുന്ന പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു.

