കേരളത്തിന്റെ സാമൂഹ്യ മനസ്സാക്ഷിയെ ഇന്നും വേട്ടയാടുന്ന പേരാണ് അട്ടപ്പാടി മധു. വിശപ്പടക്കാൻ ഒരു പിടി അരിയും കുറച്ച് പലവ്യഞ്ജനങ്ങളും എടുത്തുവെന്നാരോപിച്ച് ഒരു മനുഷ്യനെ ആൾക്കൂട്ടം നടുറോഡിൽ വലിച്ചിഴച്ച് മർദിച്ചു കൊന്ന ദിനം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ മായാത്ത കറുത്ത പാടായി മാറി. അത് ഒരാളുടെ കൊലപാതകം മാത്രമായിരുന്നില്ല; മനുഷ്യനെന്ന നിലയിലെ നമ്മുടെ പരാജയത്തിന്റെ പരസ്യ പ്രഖ്യാപനമായിരുന്നു. മധു മരിച്ച ദിവസം നഷ്ടമായത് ഒരു ആദിവാസി യുവാവിന്റെ ജീവൻ മാത്രമല്ല. മനുഷ്യാവകാശം, സമത്വം, സാഹോദര്യം, മാനവികത എന്നിവ ഉയർത്തിപ്പിടിക്കുന്നുവെന്ന് അഭിമാനിക്കുന്ന കേരളത്തിന്റെ ആത്മാവിനാണ് മുറിവേറ്റത്. ഇന്നും ആ മുറിവ് പൂർണമായി ഭേദമായിട്ടില്ല. കാരണം മധുവിനെ കൊന്നത് ചില വ്യക്തികൾ മാത്രമല്ല; നിറം, ജാതി, ദാരിദ്ര്യം, വസ്ത്രധാരണം, ജീവിത സാഹചര്യം എന്നിവ നോക്കി മനുഷ്യരെ വിധിക്കുന്ന സമൂഹ മനോഭാവമാണ്.
വർഷങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ ശിക്ഷിക്കപ്പെട്ട പ്രതികളുടെ ശിക്ഷ ഹൈക്കോടതി വർധിപ്പിച്ചത് നീതിയുടെ ഭാഗിക വിജയമായി കാണാം. ഏഴ് വർഷത്തെ തടവ് ഇരട്ട ജീവപര്യന്തമാക്കി ഉയർത്തിയ നടപടി, ഇത്തരം ക്രൂരതകൾക്ക് സമൂഹം മൗനാനുമതി നൽകില്ലെന്ന സന്ദേശമാണ് നൽകുന്നത്. പക്ഷേ അതേ സമയം കേസിലെ ഒന്നാം പ്രതി കുറ്റവിമുക്തനായതും നിരവധി സാക്ഷികൾ കൂറുമാറിയതും നീതിന്യായ വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ ശക്തമാക്കുകയാണ്. ഇത്രയും പ്രാധാന്യമുള്ള കേസിൽ പോലും സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കാൻ ഭരണകൂടത്തിനും അന്വേഷണ ഏജൻസികൾക്കും കഴിഞ്ഞില്ലെന്നത് ഗുരുതരമായ വീഴ്ചയാണ്. ഭീഷണിയും സമ്മർദ്ദവും നേരിടുന്ന സാക്ഷികൾ കോടതിയിൽ സത്യം പറയാൻ ഭയപ്പെടുന്ന സാഹചര്യം നിലനിൽക്കുമ്പോൾ നീതി എങ്ങനെ പൂർണമാകും? നിയമത്തിന്റെ ശക്തി കോടതിമുറിയിലല്ല, സത്യസാക്ഷികളെ സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ ആത്മാർത്ഥതയിലുമാണ് നിലകൊള്ളുന്നത്. മധുവിനെ മർദിച്ചവരുടെ മുഖത്ത് ക്രൂരത മാത്രമല്ല ഉണ്ടായിരുന്നത്; ഒരു മനുഷ്യനെ അപമാനിച്ച് ആഘോഷിക്കുന്ന അസഹിഷ്ണുതയുടെ ആഹ്ലാദവുമുണ്ടായിരുന്നു. മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്തിയും പരിഹസിച്ചും നിന്ന ആൾക്കൂട്ടം ഇന്നും കേരളസമൂഹത്തോട് ചോദ്യം ഉയർത്തുന്നു; വിദ്യാഭ്യാസത്തിലും സാംസ്കാരിക പുരോഗതിയിലും മുന്നിലാണെന്ന് പറയുന്ന ഒരു സമൂഹം എന്തുകൊണ്ടാണ് ഇത്രയും പെട്ടെന്ന് ക്രൂരതയിലേക്ക് വഴുതിപ്പോകുന്നത്?.
ആൾക്കൂട്ട വിചാരണയും സാമൂഹിക വിവേചനവും ഇന്ന് പല രൂപങ്ങളിൽ സമൂഹത്തിൽ വളരുകയാണ്. ദരിദ്രൻ, ആദിവാസി, മാനസിക വെല്ലുവിളി നേരിടുന്നവൻ, അന്യസംസ്ഥാന തൊഴിലാളി-ഇവരെയെല്ലാം സംശയത്തോടെയും അവഹേളനത്തോടെയും കാണുന്ന മനോഭാവം അപകടകരമായി വ്യാപിക്കുന്നു. മധുവിന്റെ കൊലപാതകം ആ മനോഭാവത്തിന്റെ ഏറ്റവും ക്രൂരമായ പ്രകടനമായിരുന്നു. നിയമം ശിക്ഷ നൽകേണ്ടത് പ്രതികാരത്തിനല്ല, സമൂഹത്തിന് മുന്നറിയിപ്പിനാണ്. മധു കേസിൽ കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കേണ്ടത് അതുകൊണ്ടാണ്. “ഇനി ആവർത്തിക്കരുത്” എന്ന വാചകം അനുശോചന പ്രസംഗങ്ങളിൽ മാത്രം ഒതുങ്ങരുത്. അത് ഭരണകൂടത്തിന്റെ പ്രവർത്തനത്തിലും പൊലീസിന്റെ ഉത്തരവാദിത്തത്തിലും കോടതികളുടെ ജാഗ്രതയിലും സമൂഹത്തിന്റെ മനസ്സാക്ഷിയിലും പ്രതിഫലിക്കണം. മധുവിന്റെ അമ്മയുടെ കണ്ണീർ ഇന്നും അവസാനിച്ചിട്ടില്ല. ആ കുടുംബത്തിന്റെ വേദന ഒരു വിധിയിലൂടെ അവസാനിക്കുകയുമില്ല. എന്നാൽ ഒരു സമൂഹമായി നമുക്ക് ചെയ്യാനാവുന്നത് ഒന്ന് മാത്രം- മറ്റൊരു മധു ഉണ്ടാകാതിരിക്കാനുള്ള ഉറച്ച പ്രതിബദ്ധത. മനുഷ്യനെ മനുഷ്യനായി കാണാനുള്ള മനസ്സ് വീണ്ടെടുക്കാതെ ഒരു നവോത്ഥാന സമൂഹത്തിനും പൂർണതയില്ല.

