തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനിടെ മുഖ്യമന്ത്രിക്ക് പ്രത്യേക വി.ഐ.പി പരിഗണന നൽകിയില്ലെന്നും ഭക്തർക്കോ ക്ഷേത്രചടങ്ങുകൾക്കോ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് എല്ലാ ക്രമീകരണങ്ങളും നടത്തിയതെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കി. സാധാരണ ഭക്തരെപ്പോലെ തന്നെ മുഖ്യമന്ത്രി കാത്തുനിന്നാണ് ദർശനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
നെയ് വിളക്ക് വഴിപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ യാതൊരു വിലക്കും നിലവിലില്ലെന്നും കോടതി ഉത്തരവുണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അഡ്മിനിസ്ട്രേറ്റർ പറഞ്ഞു. പൊതു അവധി ദിവസങ്ങളിൽ രാവിലെ ആറുമുതൽ ഉച്ചവരെ പ്രത്യേക ക്യൂ ദർശനം അനുവദിക്കാറില്ലെങ്കിലും, നെയ് വിളക്ക് വഴിപാടിലൂടെ പ്രത്യേക ദർശനം അനുവദിക്കുന്ന രീതിയാണ് നിലവിലുള്ളത്. ദേവസ്വം ഭരണസമിതിയുടെ തീരുമാനപ്രകാരമാണ് ഇത് നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി ഗുരുവായൂരിലെത്തിയത്. തുടർന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ ഗോപാലകൃഷ്ണൻ അഞ്ചുപേർക്ക് പ്രവേശനം ലഭിക്കുന്ന 4500 രൂപയുടെ നെയ് വിളക്ക് വഴിപാടിന്റെ ടിക്കറ്റ് എടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി, ഗൺമാൻ, ഗോപാലകൃഷ്ണൻ, പൊലീസ് ലെയ്സൺ ഓഫീസർ കൃഷ്ണകുമാർ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എന്നിവർ ദർശനം നടത്തിയത്.
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഭക്തരെ തടയാൻ ശ്രമിച്ചപ്പോൾ, “ഭക്തരോടൊപ്പമാണ് താനും ദർശനം നടത്തുന്നത്, ആരെയും തടയരുത്” എന്നാണ് മുഖ്യമന്ത്രി നിർദേശിച്ചതെന്നും അഡ്മിനിസ്ട്രേറ്റർ പറഞ്ഞു. ദർശനത്തിന് ശേഷം നാലമ്പലത്തിന് ചുറ്റും വലംവയ്ക്കുന്നതിനിടെ നിവേദ്യം കൊണ്ടുപോകുന്നതിനായി ഭക്തരെ നിയന്ത്രിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി ഏകദേശം 15 മിനിറ്റോളം ഭക്തർക്കൊപ്പം കാത്തുനിന്നതായും അദ്ദേഹം പറഞ്ഞു.
ചടങ്ങുകൾ നിർത്തിവെച്ച് മുഖ്യമന്ത്രിയെ കടത്തിവിടാമോ എന്ന് തിരുമേനിമാർ ചോദിച്ചപ്പോഴും, തന്റെ പേരിൽ ഒരു ചടങ്ങും തടസപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചുവെന്നും നിവേദ്യ ചടങ്ങുകൾ പൂർത്തിയായ ശേഷമാണ് അദ്ദേഹം മടങ്ങിയതെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കൂട്ടിച്ചേർത്തു.

