Home Editorialപ്രിയദർശിനി പദ്ധതിജനക്ഷേമത്തിനൊപ്പം സ്വകാര്യ ബസ് മേഖലയെയും രക്ഷിക്കണം

പ്രിയദർശിനി പദ്ധതിജനക്ഷേമത്തിനൊപ്പം സ്വകാര്യ ബസ് മേഖലയെയും രക്ഷിക്കണം

by news_desk1
0 comments

കഴിഞ്ഞ ദിവസം തൃശൂരിൽ നിന്നുയർന്ന രണ്ട് വാർത്തകൾ കേരളത്തിന്റെ പൊതുഗതാഗത രംഗം നേരിടുന്ന യാഥാർഥ്യ പ്രതിസന്ധിയുടെ നേർക്കാഴ്ചയാണ്. ഒന്ന്, വാൽപ്പാറ-അതിരപ്പിള്ളി-ചാലക്കുടി റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീ യാത്രികരുടെ അഭൂതപൂർവമായ തിരക്ക് കാരണം യാത്ര സുരക്ഷിതമല്ലെന്ന ആശങ്ക. മറ്റൊന്ന്, ഇതേ റൂട്ടിൽ 65 വർഷമായി സർവീസ് നടത്തിയിരുന്ന ‘ചീനിക്കാസ്’ സ്വകാര്യ ബസ് റീത്ത് വെച്ച് സർവീസ് അവസാനിപ്പിച്ചത്. ഒരു ബസ് അപകടത്തിന്റെ വക്കിൽ നിൽക്കുമ്പോൾ മറ്റൊരു ബസ് ചരിത്രത്തിന്റെ ഭാഗമായി മാറുന്നു. ഈ രണ്ട് സംഭവങ്ങളും ഒരു നയത്തിന്റെ രണ്ട് മുഖങ്ങളാണ്. സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി’ പദ്ധതി സാമൂഹിക നീതിയുടെയും സ്ത്രീശാക്തീകരണത്തിന്റെയും ഭാഗമായാണ് അവതരിപ്പിക്കപ്പെട്ടത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ഇത് വലിയ ആശ്വാസമാണെന്നതിൽ തർക്കമില്ല.

തൊഴിൽ, വിദ്യാഭ്യാസം, ചികിത്സ, പൊതുജീവിതം എന്നിവിടങ്ങളിലേക്കുള്ള സ്ത്രീകളുടെ സഞ്ചാരം കൂടുതൽ സുഗമമാക്കാൻ ഈ പദ്ധതിക്ക് കഴിഞ്ഞിട്ടുമുണ്ട്. അതുകൊണ്ടുതന്നെ പദ്ധതിയുടെ ലക്ഷ്യത്തെ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാൽ, ഒരു ജനക്ഷേമ പദ്ധതി വിജയിക്കണമെങ്കിൽ അതിന്റെ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ മുൻകൂട്ടി വിലയിരുത്തപ്പെടണം. അതാണ് ഇവിടെ സംഭവിക്കാതെ പോയത്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് സ്വകാര്യ ബസ് ഉടമകളുമായോ തൊഴിലാളി സംഘടനകളുമായോ ഗതാഗത മേഖലയിലെ വിദഗ്ധരുമായോ ഗൗരവമായ ചർച്ചകൾ നടന്നില്ല. ജനക്ഷേമത്തിന്റെ പേരിൽ ഏകപക്ഷീയമായി എടുത്ത തീരുമാനം ഇന്ന് ഒരു വ്യവസായത്തെ തന്നെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. കേരളത്തിലെ സ്വകാര്യ ബസ് മേഖല വർഷങ്ങളായി കടുത്ത സാമ്പത്തിക സമ്മർദത്തിലാണ്. ഇന്ധനവില വർധന, സ്പെയർ പാർട്സുകളുടെ വിലക്കയറ്റം, ഇൻഷുറൻസ് പ്രീമിയം, നികുതിഭാരം, തൊഴിലാളി വേതനവർധന, യാത്രക്കാരുടെ കുറവ് തുടങ്ങി നിരവധി വെല്ലുവിളികൾ ഇതിനുമുമ്പേ തന്നെ ഈ മേഖലയെ തളർത്തിയിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് സൗജന്യ യാത്രാ പദ്ധതി പ്രാബല്യത്തിൽ വന്നത്. അതിന്റെ ഫലമായി വലിയൊരു വിഭാഗം യാത്രക്കാർ കെ.എസ്.ആർ.ടി.സിയിലേക്ക് മാറി. സ്വകാര്യ ബസുകളുടെ വരുമാനം കുത്തനെ ഇടിഞ്ഞു. പല ബസുകളും സർവീസ് നിർത്തി. നിരവധി സർവീസുകൾ നഷ്ടത്തിലായി. ഇനിയും പല ബസുകളും നിരത്തിലിറങ്ങാനാകാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ്.

ഇതോടൊപ്പം മറ്റൊരു ഗൗരവമായ പ്രശ്നവും ഉയർന്നുവരുന്നു. കെ.എസ്.ആർ.ടി.സി ബസുകളിൽ നിയന്ത്രിക്കാനാകാത്ത തിരക്കാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് സ്ത്രീകൾ കൂടുതലായി ആശ്രയിക്കുന്ന റൂട്ടുകളിൽ യാത്ര അപകടകരമാകുന്ന സാഹചര്യങ്ങളാണ് ഉണ്ടാകുന്നത്. ജനക്ഷേമ പദ്ധതിയുടെ ലക്ഷ്യം സുരക്ഷിതവും മാന്യവുമായ യാത്ര ഉറപ്പാക്കുക എന്നതാണെങ്കിൽ, അതിന്റെ ഫലമായി യാത്ര തന്നെ അപകടകരമാകുന്ന അവസ്ഥ ഒരിക്കലും അംഗീകരിക്കാനാകില്ല. ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ പദ്ധതിയുടെ പ്രത്യാഘാതങ്ങൾ പഠിക്കാൻ പ്രത്യേക എംപവർ കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത് സ്വാഗതാർഹമാണ്. എന്നാൽ ചോദ്യം ഇതാണ്- ഈ പഠനം പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് നടത്തേണ്ടതായിരുന്നില്ലേ? രോഗം വന്നശേഷം ചികിത്സിക്കുന്നതല്ല, രോഗം വരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുന്നതാണ് നല്ല ഭരണത്തിന്റെ അടയാളം. ഇവിടെ രോഗവും രോഗകാരണവും മുൻകൂട്ടി അറിയാമായിരുന്നിട്ടും അതനുസരിച്ച് പ്രവർത്തിക്കാൻ സർക്കാർ തയ്യാറായില്ല. ജനക്ഷേമവും സ്വകാര്യ സംരംഭങ്ങളും പരസ്പരവിരുദ്ധമായ ആശയങ്ങളല്ല. രണ്ടും ഒരുപോലെ മുന്നോട്ടുപോകുന്ന രീതിയിലുള്ള നയങ്ങളാണ് ഒരു ജനാധിപത്യ ഭരണകൂടം രൂപപ്പെടുത്തേണ്ടത്. സ്ത്രീകൾക്ക് സൗജന്യ യാത്ര തുടരുമെങ്കിൽ, അതിന്റെ സാമ്പത്തിക ബാധ്യത സ്വകാര്യ ബസ് മേഖലയെ തകർക്കാത്ത രീതിയിൽ സർക്കാർ ഇടപെടണം. സ്വകാര്യ ബസുകളിലും പദ്ധതി വ്യാപിപ്പിച്ച് സർക്കാർ സബ്സിഡി നൽകുക, നഷ്ടപരിഹാര സംവിധാനം നടപ്പാക്കുക, നികുതി ഇളവുകൾ നൽകുക, പരസ്യവരുമാനം ഉറപ്പാക്കുക, ഏകീകൃത ഗതാഗത നയം രൂപീകരിക്കുക തുടങ്ങിയ ബദൽ മാർഗങ്ങൾ അടിയന്തരമായി പരിഗണിക്കേണ്ടതുണ്ട്.

സ്വകാര്യ ബസ് വ്യവസായം എന്നത് വെറും ബസ് ഉടമകളുടെ മാത്രം പ്രശ്നമല്ല. ആയിരക്കണക്കിന് ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും മെക്കാനിക്കുമാരുടെയും ക്ലീനർമാരുടെയും അവരുടെ കുടുംബങ്ങളുടെയും ഉപജീവനമാണ് അതിനോട് ബന്ധപ്പെട്ടിരിക്കുന്നത്. ഒരു ബസ് സർവീസ് നിർത്തുമ്പോൾ ഒരു കുടുംബത്തിന്റെ അടുപ്പാണ് കെടുന്നത്. ഒരു റൂട്ടിൽ സ്വകാര്യ ബസ് ഇല്ലാതാകുമ്പോൾ ഒരു പ്രദേശത്തിന്റെ യാത്രാസൗകര്യമാണ് ചുരുങ്ങുന്നത്. ഈ യാഥാർഥ്യം സർക്കാർ മറക്കരുത്. ജനങ്ങളുടെ മുന്നിൽ കൈയടി നേടാൻ പ്രഖ്യാപിക്കുന്ന പദ്ധതികൾ ദീർഘകാലം നിലനിൽക്കണമെങ്കിൽ അവ യാഥാർഥ്യബോധത്തോടെയും സമഗ്രമായ പഠനങ്ങളോടെയും നടപ്പാക്കണം. പ്രഖ്യാപനങ്ങളേക്കാൾ പ്രധാനം അവയുടെ പ്രായോഗികതയാണ്. ജനക്ഷേമവും പൊതുഗതാഗത മേഖലയിലെ സന്തുലിതാവസ്ഥയും ഒരുപോലെ സംരക്ഷിക്കുന്ന സമീപനമാണ് ഇന്നത്തെ കേരളത്തിന് ആവശ്യമായിരിക്കുന്നത്. ഇനി വൈകാൻ സമയമില്ല. എംപവർ കമ്മിറ്റിയുടെ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുമ്പോൾ സ്വകാര്യ ബസ് വ്യവസായം തകർന്നുവീഴാൻ അനുവദിക്കരുത്. സർക്കാർ ഉടൻ ബദൽ പരിഹാരങ്ങൾ പ്രഖ്യാപിക്കണം. സ്ത്രീകൾക്ക് സൗജന്യ യാത്രയും സ്വകാര്യ ബസ് മേഖലയ്ക്ക് നിലനിൽപ്പും ഒരുമിച്ച് ഉറപ്പാക്കാൻ കഴിയുന്ന നയമാണ് യഥാർത്ഥ ജനക്ഷേമം. ജനങ്ങളുടെ വിശ്വാസവും തൊഴിലാളികളുടെ ജീവിതവും സംരക്ഷിക്കുന്ന തീരുമാനങ്ങളിലൂടെ മാത്രമേ ഒരു ക്ഷേമസർക്കാർ തന്റെ ഉത്തരവാദിത്വം നിറവേറ്റുന്നുവെന്ന് തെളിയിക്കാൻ കഴിയൂ.

You may also like