മെഡിക്കൽ കോളേജുകളിലും സർക്കാർ ആശുപത്രികളിലും വിവിധ സംഘടനകൾ വർഷങ്ങളായി നടത്തുന്ന സൗജന്യ ഭക്ഷണ വിതരണത്തിനെതിരെ മുൻമന്ത്രി ജി. സുധാകരൻ നടത്തിയ പരാമർശം അനാവശ്യവും അനുചിതവുമാണ്. ‘ആശുപത്രികളിൽ രാഷ്ട്രീയ സംഘടനകൾ ഭക്ഷണം നൽകേണ്ട, അത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്’ എന്ന അദ്ദേഹത്തിന്റെ നിലപാട് പ്രായോഗിക യാഥാർഥ്യങ്ങളിൽ നിന്ന് അകന്നതും മനുഷ്യസ്നേഹത്തിന്റെ മൂല്യം തിരിച്ചറിയാത്തതുമാണ്.
ഒരു ആശുപത്രിയുടെ വരാന്തയിൽ മണിക്കൂറുകളായി ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗിയുടെ കൂട്ടിരിപ്പുകാരനോട് വിശപ്പിന്റെ രാഷ്ട്രീയം ചോദിച്ചാൽ മറുപടി ഒന്നേയുള്ളൂ-വിശപ്പിന് പാർട്ടിയില്ല. ആ വിശപ്പ് മാറ്റിക്കൊടുക്കുന്ന കൈകൾക്ക് കൊടിയുടെ നിറവും മതത്തിന്റെ പേരും ജാതിയുടെ മുദ്രയും ഇല്ല. അവിടെ കാണേണ്ടത് ഭക്ഷണം നൽകുന്ന സംഘടനയെയല്ല, ഭക്ഷണം കിട്ടി ആശ്വാസത്തോടെ ഇരിക്കുന്ന മനുഷ്യനെയാണ്.
കേരളത്തിൽ പതിറ്റാണ്ടുകളായി ഡി.വൈ.എഫ്.ഐ, സേവാഭാരതി, വിവിധ സന്നദ്ധ സംഘടനകൾ, മതസ്ഥാപനങ്ങൾ, ട്രസ്റ്റുകൾ, ക്ലബ്ബുകൾ, വ്യാപാര സംഘടനകൾ, വ്യക്തികൾ തുടങ്ങി അനേകം കൂട്ടായ്മകൾ ആശുപത്രികൾ കേന്ദ്രീകരിച്ച് സൗജന്യ ഭക്ഷണ വിതരണവും കുടിവെള്ള വിതരണവും നടത്തി വരുന്നു. ആരെങ്കിലും മരിച്ചാലും, മഴയായാലും, പ്രളയമായാലും, ഉത്സവമായാലും ഇവരുടെ സേവനം മുടങ്ങാറില്ല. പുലർച്ചെ മുതൽ രാത്രിവരെ ആയിരക്കണക്കിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഈ ഭക്ഷണം ഒരു നേരത്തെ ആശ്വാസമാണ്. .വൈ.എഫ്.ഐയുടെ ‘ഹൃദയപൂർവ്വം’ പോലുള്ള പദ്ധതികൾ വീടുകളിൽ നിന്ന് ശേഖരിക്കുന്ന പൊതിച്ചോറുകളിലൂടെയാണ് നടക്കുന്നത്. സേവാഭാരതി ഉൾപ്പെടെയുള്ള സംഘടനകൾ സ്വന്തം അടുക്കളകളിൽ പാചകം ചെയ്തോ സ്പോൺസർമാരുടെ സഹായത്തോടെയോ ഭക്ഷണം തയ്യാറാക്കി നൽകുന്നു. ചില സംഘടനകൾ രഹസ്യമായി സഹായിക്കുന്നു; ചിലർ ബോർഡ് വെക്കുന്നു. എന്നാൽ, ഭക്ഷണം കൈപ്പറ്റുന്ന വിശക്കുന്ന മനുഷ്യന് അതൊന്നും വിഷയമല്ല. ഈ സാഹചര്യത്തിൽ, രാഷ്ട്രീയ സംഘടനകൾ ഭക്ഷണം വിതരണം ചെയ്യരുതെന്ന അഭിപ്രായം യാഥാർഥ്യബോധമില്ലാത്തതാണ്. സർക്കാർ എല്ലാ ആശുപത്രികളിലും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആവശ്യമായ സൗജന്യ ഭക്ഷണം കൃത്യമായി എത്തിക്കുന്ന സംവിധാനം നിലവിലുണ്ടായിരുന്നെങ്കിൽ ഇത്തരം സേവനങ്ങളുടെ ആവശ്യം തന്നെ കുറയുമായിരുന്നു. പക്ഷേ യാഥാർഥ്യം അതല്ല. സർക്കാർ സംവിധാനങ്ങൾക്ക് പരിമിതികളുണ്ട്. ആ പരിമിതികൾ മറികടക്കാൻ സമൂഹം കൈകോർക്കുമ്പോഴാണ് ജനാധിപത്യം കൂടുതൽ മാനുഷികമാകുന്നത്. ഭക്ഷണ വിതരണത്തെ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കാൻ പാടില്ലെന്ന അഭിപ്രായത്തോട് യോജിക്കാം. എന്നാൽ അതിന്റെ പേരിൽ ഭക്ഷണ വിതരണം തന്നെ അവസാനിപ്പിക്കണമെന്ന നിലപാട് അംഗീകരിക്കാനാവില്ല. ചിലർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന കാരണം പറഞ്ഞ് നന്മയുടെ വാതിലുകൾ അടയ്ക്കുന്നത് ശരിയായ സമീപനമല്ല. തെറ്റുണ്ടെങ്കിൽ അത് നിയന്ത്രിക്കണം; സേവനം അവസാനിപ്പിക്കരുത്. ഇവിടെ മറ്റൊരു കാര്യം കൂടി ഓർക്കേണ്ടതുണ്ട്. രക്തദാനവും അന്നദാനവും സമൂഹത്തിലെ ഏറ്റവും മഹത്തായ മനുഷ്യസേവനങ്ങളാണ്. രക്തം നൽകുന്ന ആളോട് രോഗി ആദ്യം ചോദിക്കുന്നത് അദ്ദേഹം ഏത് പാർട്ടിയാണെന്നല്ല; തന്റെ ജീവൻ രക്ഷിക്കുമോയെന്നതാണ്. വിശന്നിരിക്കുന്ന ഒരാൾക്കും ഭക്ഷണം നൽകുന്നവന്റെ രാഷ്ട്രീയം അന്വേഷിക്കാനുള്ള സാഹചര്യമില്ല. അവിടെ മനുഷ്യത്വമാണ് ഏക തിരിച്ചറിയൽ.
ചരിത്രം നോക്കിയാൽ കേരളത്തിലെ രാഷ്ട്രീയ യുവജന സംഘടനകൾ ദുരന്തമുഖങ്ങളിലും പ്രളയങ്ങളിലും മഹാമാരികളിലും രക്തദാന ക്യാമ്പുകളിലും ഭക്ഷണ വിതരണത്തിലും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. അതുപോലെ തന്നെ സേവാഭാരതി, വിവിധ മതസംഘടനകൾ, റോട്ടറി, ലയൺസ് ക്ലബ്ബുകൾ, കാരുണ്യ ട്രസ്റ്റുകൾ, പ്രവാസി കൂട്ടായ്മകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങി നിരവധി സംഘടനകളും ഒരേ ലക്ഷ്യത്തോടെ രംഗത്തുണ്ട്. അവരെല്ലാം ചേർന്നാണ് കേരളത്തിന്റെ സാമൂഹിക സുരക്ഷാ വലയം കൂടുതൽ ശക്തമാകുന്നത്. ജി. സുധാകരന്റെ പ്രസ്താവനക്കെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞത് – ‘വിശപ്പിന്റെ വില മറന്നുപോയ നിലപാടാണ്’ -എന്ന വിമർശനം സമൂഹത്തിൽ വലിയ പിന്തുണ നേടിയത് യാദൃശ്ചികമല്ല. 2017-ൽ വണ്ടാനം മെഡിക്കൽ കോളേജിലെ പൊതിച്ചോറ് വിതരണവും പിന്നീട് ഡി.വൈ.എഫ്.ഐയുടെ ഭക്ഷണ വിതരണ പരിപാടികളും ഉദ്ഘാടനം ചെയ്ത ജി. സുധാകരന്റെ പഴയ നിലപാടുകൾ ഇന്ന് സമൂഹം ഓർമ്മിപ്പിക്കുന്നതും അതുകൊണ്ടാണ്. പിന്നീട് ‘ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞിട്ടില്ല, ആശുപത്രിക്ക് പുറത്തു നൽകണമെന്നാണ് പറഞ്ഞത്’ എന്ന വിശദീകരണം നൽകിയെങ്കിലും ആദ്യ പ്രസ്താവന സൃഷ്ടിച്ച ആശയക്കുഴപ്പം മാറിയില്ല. രാഷ്ട്രീയത്തിന് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. ആശയസംഘർഷങ്ങൾ സ്വാഭാവികമാണ്. എന്നാൽ മനുഷ്യസേവനത്തിന്റെ മേഖലകളെ രാഷ്ട്രീയത്തിന്റെ കണ്ണാടിയിലൂടെ മാത്രം കാണാൻ തുടങ്ങിയാൽ അത് സമൂഹത്തിന് അപകടകരമായ സന്ദേശമാണ് നൽകുക. വിശക്കുന്നവന് ഭക്ഷണവും, രോഗിക്ക് മരുന്നും, ജീവൻ അപകടത്തിലായവന് രക്തവും ലഭ്യമാക്കുക എന്നത് മനുഷ്യസമൂഹത്തിന്റെ സംയുക്ത ഉത്തരവാദിത്തമാണ്. അതിനെ സർക്കാർ മാത്രമോ സംഘടനകൾ മാത്രമോ ഏറ്റെടുക്കേണ്ട കാര്യമല്ല; രണ്ടും കൈകോർക്കേണ്ട മേഖലയാണ് അത്. വിശപ്പിനെ രാഷ്ട്രീയം തോൽപ്പിക്കരുത്. മനുഷ്യസ്നേഹത്തെ പാർട്ടി അതിരുകൾ കൊണ്ട് അളക്കരുത്. ഭക്ഷണം നൽകുന്ന കൈകളെയും രക്തം നൽകുന്ന കൈകളെയും സംശയത്തിന്റെ കണ്ണിലൂടെ കാണുന്ന സമൂഹം പുരോഗമിക്കുകയല്ല, പിന്നോട്ടാണ് പോകുന്നത്. മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയുന്നിടത്താണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വിജയം. അവിടെ കൊടികൾക്കല്ല, കരുണയ്ക്കാണ് മുൻഗണന ലഭിക്കേണ്ടത്.
4

