Home Keralaപാമ്പുകടി മരണങ്ങൾ പൂജ്യത്തിലേക്ക് കുറയ്ക്കും: ആരോഗ്യമന്ത്രി കെ. മുരളീധരൻ

പാമ്പുകടി മരണങ്ങൾ പൂജ്യത്തിലേക്ക് കുറയ്ക്കും: ആരോഗ്യമന്ത്രി കെ. മുരളീധരൻ

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഉണ്ടാകുന്ന മരണങ്ങൾ പൂജ്യമാക്കുന്നതിനായി സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. പൊതുജനാരോഗ്യ രംഗത്ത് രാജ്യത്തിന് മാതൃകയായ കേരളത്തിൽ ഇപ്പോഴും പാമ്പുകടിയും പേവിഷബാധയും മൂലമുള്ള മരണങ്ങൾ തുടരുന്നത് ദുഃഖകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘സ്നേക്ക് ബൈറ്റ് എൻവെനമിംഗ് മാനേജ്മെന്റ്’ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പ്രതിവർഷം ശരാശരി 20ഓളം പേർ പാമ്പുകടിയേറ്റ് മരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ കൂടുതലും കുഞ്ഞുങ്ങളാണെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.

ഒരു ജീവനും നഷ്ടപ്പെടാൻ പാടില്ലെന്നതാണ് സർക്കാരിന്റെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി. പാമ്പുകടിയെക്കുറിച്ച് ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർശ്വഫലങ്ങൾ ഭയന്ന് വിഷചികിത്സ നൽകാൻ മടിക്കരുതെന്നും ചികിത്സാ സംവിധാനങ്ങൾ പ്രാഥമികതലത്തിൽ തന്നെ ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

താലൂക്ക് ആശുപത്രികൾ, മെഡിക്കൽ കോളജുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സേവനം മന്ത്രി അഭിനന്ദിച്ചു. മെഡിക്കൽ കോളേജ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ നടന്ന സെമിനാറിൽ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അധ്യക്ഷനായി.

പാമ്പുകടി മരണനിരക്ക് പൂജ്യത്തിലേക്ക് എത്തിക്കുന്നതിനാവശ്യമായ വൈദ്യശാസ്ത്ര ഗവേഷണങ്ങളും വിദഗ്ധ പരിശീലനങ്ങളും ശക്തിപ്പെടുത്താൻ ആരോഗ്യ സർവകലാശാല പ്രതിജ്ഞാബദ്ധമാണെന്ന് വൈസ് ചാൻസലർ പറഞ്ഞു. സെമിനാറിൽ വിവിധ ആരോഗ്യ-ഗവേഷണ രംഗങ്ങളിലെ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

You may also like