Home Keralaശൗചാലയത്തിൽ പ്രസവിച്ച ശേഷം നവജാതശിശുവിനെ ജനൽവഴി പുറത്തേക്ക് എറിഞ്ഞ സംഭവം; 19കാരിക്കെതിരെ വധശ്രമക്കേസ്

ശൗചാലയത്തിൽ പ്രസവിച്ച ശേഷം നവജാതശിശുവിനെ ജനൽവഴി പുറത്തേക്ക് എറിഞ്ഞ സംഭവം; 19കാരിക്കെതിരെ വധശ്രമക്കേസ്

by news_desk1
0 comments

ഹരിപ്പാട്: ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ച ശേഷം നവജാതശിശുവിനെ ജനൽവഴി പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ 19കാരിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചെന്ന വകുപ്പുകൾ ചുമത്തിയാണ് നടപടി. സംഭവത്തിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു.

വയറുവേദനയും ആർ‍ത്തവസംബന്ധമായ അസ്വസ്ഥതയും പറഞ്ഞാണ് യുവതി രാത്രിയോടെ ആശുപത്രിയിലെത്തിയത്. എന്നാൽ പരിശോധനയ്ക്കിടെ ഗർഭധാരണത്തെക്കുറിച്ച് ഡോക്ടർമാർക്ക് സംശയം തോന്നിയെങ്കിലും യുവതി വിശദമായ പരിശോധനയ്ക്ക് തയ്യാറായില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. തുടർന്ന് നിരീക്ഷണത്തിൽ തുടരുന്നതിനിടെയാണ് അർധരാത്രിയോടെ ആശുപത്രി ശൗചാലയത്തിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്.

ജീവനക്കാർ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ പ്രസവം നടന്നതിന്റെ സൂചനകൾ കണ്ടെത്തി. പിന്നീട് ശൗചാലയത്തിന്റെ പിൻഭാഗത്ത് കുറ്റിച്ചെടികൾക്കിടയിൽ നവജാതശിശുവിനെ കണ്ടെത്തുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ യുവതി തന്നെ പ്രസവശേഷം മറുപിള്ള വേർപെടുത്തിയതാകാമെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.

ശൗചാലയത്തിലെ മുകളിലെ ജനലിന്റെ കമ്പിവിടവിലൂടെയാണ് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞതെന്നാണ് കണ്ടെത്തൽ. താഴെ കല്ലുകളും കൂർത്ത കമ്പികളും ഉണ്ടായിരുന്നെങ്കിലും കുഞ്ഞ് അവയ്ക്ക് ഇടയിൽ വീണതിനാൽ ഗുരുതര അപകടം ഒഴിവായി. ആശുപത്രി പരിസരത്ത് തെരുവുനായ്ക്കളും ഉണ്ടായിരുന്ന സാഹചര്യത്തിൽ കുഞ്ഞിനെ സമയത്ത് കണ്ടെത്തിയത് നിർണായകമായി.

അടിയന്തര ചികിത്സ നൽകിയ ശേഷം അമ്മയെയും കുഞ്ഞിനെയും വിദഗ്‌ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടത്തിയ പരിശോധനകളിൽ പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിന് ഗുരുതര പരിക്കുകളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആശുപത്രി സന്ദർശിച്ച് ചികിത്സാ വിവരങ്ങൾ ശേഖരിച്ചു. യുവതി പ്ലസ് ടു പഠനശേഷം റേഡിയോഗ്രഫി കോഴ്‌സ് പൂർത്തിയാക്കി സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തുവരികയാണെന്നും ഗർഭധാരണത്തെക്കുറിച്ച് കുടുംബാംഗങ്ങൾക്കും അറിവില്ലായിരുന്നുവെന്നുമാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

You may also like