Home Keralaസ്വർണത്തിനായി ക്രൂരക്കൊല; വയോധികയെ ശ്വാസംമുട്ടിച്ച് കൊന്ന് കല്ലുകെട്ടി കായലിൽ തള്ളി, അയൽവാസി പിടിയിൽ

സ്വർണത്തിനായി ക്രൂരക്കൊല; വയോധികയെ ശ്വാസംമുട്ടിച്ച് കൊന്ന് കല്ലുകെട്ടി കായലിൽ തള്ളി, അയൽവാസി പിടിയിൽ

by news_desk1
0 comments

കായംകുളം: കനകക്കുന്നിൽ 80 വയസ്സുകാരിയായ തങ്കമ്മയെ കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വർണാഭരണങ്ങൾ കവർന്നെടുക്കാനാണ് കൊലപാതകം നടത്തിയതെന്ന് പിടിയിലായ അയൽവാസി പ്രകാശൻ പൊലീസിനോട് സമ്മതിച്ചു. കൈയും കാലും ബന്ധിച്ച് ശരീരത്തിൽ കല്ലുകൾ കെട്ടിയ നിലയിൽ കായലിൽ കണ്ടെത്തിയ മൃതദേഹമാണ് ക്രൂര കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

ചൊവ്വാഴ്ച രാവിലെ ആറാട്ടുപുഴ ഭാഗത്തുള്ള കായലിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രാഥമിക പരിശോധനയിൽ തന്നെ ഇത് ആസൂത്രിത കൊലപാതകമാണെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു.

സാമ്പത്തിക ബാധ്യതകളിൽ നിന്ന് രക്ഷപ്പെടാനാണ് തങ്കമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നതെന്നാണ് പ്രതിയുടെ മൊഴി. കൊല്ലപ്പെട്ട തങ്കമ്മയുടെ വീട്ടിലും സാഹചര്യങ്ങളിലും നല്ല പരിചയമുണ്ടായിരുന്ന പ്രകാശൻ, വീട്ടിൽ വയോധിക ഒറ്റയ്ക്കാണെന്ന കാര്യം മനസ്സിലാക്കിയാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു.

സംഭവത്തിന് മുൻപ് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ തങ്കമ്മ പ്രകാശനോട് സഹായം അഭ്യർഥിച്ചിരുന്നു. ഞായറാഴ്ച രാവിലെ വീട്ടിലെത്തി സിലിണ്ടർ അകത്തുവെച്ച ശേഷം മടങ്ങിയ ഇയാൾ, രാത്രി കനത്ത മഴ പെയ്യുന്ന സമയത്ത് വീണ്ടും വീട്ടിലെത്തി കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

ടെലിവിഷൻ കാണുകയായിരുന്ന തങ്കമ്മയുടെ മുഖത്ത് തലയിണ അമർത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് കൈയിലെ വളകളും മോതിരവും ഊരിയെടുത്ത പ്രതിക്ക്, തലയിണക്കടിയിൽ സൂക്ഷിച്ചിരുന്ന മാലയും കാതിലെ കമ്മലും കണ്ടെത്താനായില്ല.

കൊലപാതകത്തിന് ശേഷം മൃതദേഹം മറച്ചുവയ്ക്കാൻ ശ്രമിച്ച പ്രതി, തങ്കമ്മയുടെ കൈലിയും തോർത്തും ഉപയോഗിച്ച് കൈയും കാലും ബന്ധിച്ചു. പിന്നീട് കൈയിൽ കരുതിയിരുന്ന കയർ ഉപയോഗിച്ച് ശരീരത്തിൽ കല്ലുകൾ കെട്ടി കായലിൽ തള്ളുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

തങ്കമ്മയെയും വീടിനെയും അടുത്തറിയുന്ന ആരോ ആയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. സംശയാസ്പദരായ അഞ്ചുപേരെ ചോദ്യം ചെയ്തതിൽ പ്രകാശന്റെ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്.

അറസ്റ്റിലായ പ്രതിയെ ഇന്ന് വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പിന് എത്തിക്കും. കവർന്നെടുത്ത സ്വർണാഭരണങ്ങൾ വിറ്റതായി കരുതുന്ന കായംകുളത്തെ സ്വർണക്കടയിലും പ്രതിയുടെ വീട്ടിലും തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.

You may also like