തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) പ്രവർത്തനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി വി. ഡി. സതീശന്റെ അടിയന്തിര നിർദ്ദേശം. കിഫ്ബിയുമായി ബന്ധപ്പെട്ട് കൈക്കൊള്ളുന്ന എല്ലാവിധ സുപ്രധാന തീരുമാനങ്ങളും ധനവകുപ്പ് നിർബന്ധമായും അറിഞ്ഞിരിക്കണമെന്നും ധനവകുപ്പിനെ മറികടന്ന് കിഫ്ബിയെ ഒരു പ്രത്യേക സാമ്രാജ്യം പോലെ കൊണ്ടുനടക്കാൻ ഇനി അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. കിഫ്ബിയുടെ ഇതുവരെയുള്ള മുഴുവൻ സാമ്പത്തിക ഇടപാടുകളും സമഗ്രമായ ഓഡിറ്റിന് വിധേയമാക്കുമെന്നും ഇതിനായി പൂർണ്ണമായും പുറത്തുനിന്നുള്ള ഒരു സ്വതന്ത്ര ഏജൻസിയെ നിയോഗിക്കുമെന്നും ഇന്ന് നടന്ന കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
കിഫ്ബിയുടെ നിലവിലെ പ്രവർത്തന ശൈലിയിലും ധനസമാഹരണ രീതികളിലും വലിയ തോതിലുള്ള മാറ്റങ്ങൾ വരുത്താനാണ് പുതിയ യുഡിഎഫ് സർക്കാർ ആലോചിക്കുന്നത്. ഇനി മുതൽ സംസ്ഥാനത്തിന് കൃത്യമായ വരുമാനം നേടിത്തരുന്ന വലിയ പദ്ധതികളിലേക്ക് കിഫ്ബിയുടെ ശ്രദ്ധ മാറ്റും. ഇതിനെക്കുറിച്ച് വിശദമായി പഠിക്കാൻ ഒരു പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിക്കും. ഇതിനൊപ്പം സ്ഥാപനത്തിലെ ജീവനക്കാരുടെ അനാവശ്യ അലവൻസുകൾ വെട്ടിക്കുറയ്ക്കാനും ഭരണപരമായ ചെലവുകൾ ചുരുക്കാനും ഭരണസമിതി ആലോചിക്കുന്നുണ്ട്. കിഫ്ബി മുൻപ് നടപ്പിലാക്കിയതിൽ ഭൂരിഭാഗവും സർക്കാരിന് യാതൊരുവിധ വരുമാനവും ലഭിക്കാത്ത പദ്ധതികളായിരുന്നുവെന്നും പൊതുമരാമത്ത് വകുപ്പ് നേരിട്ട് ചെയ്യേണ്ട നിർമ്മാണ പ്രവർത്തനങ്ങളാണ് കിഫ്ബി വഴി നടത്തിയിരുന്നതെന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ പുതിയ നീക്കം.
സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന് തൊട്ടുപിന്നാലെ കിഫ്ബി സിഇഒ കെ. എം. എബ്രഹാം തന്റെ സ്ഥാനം രാജി വെച്ചിരുന്നു. നിലവിൽ അഡീഷണൽ ഡയറക്ടറായ മിനി ആന്റണിക്കാണ് സിഇഒയുടെ താത്കാലിക ചുമതല നൽകിയിരിക്കുന്നത്. 2016-ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് കിഫ്ബി വലിയ തോതിൽ പുനരുജ്ജീവിപ്പിക്കപ്പെട്ടത്. അന്ന് ധനമന്ത്രിയായിരുന്ന ടി. എം. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ കിഫ്ബി ഫണ്ട് ഉപയോഗിച്ച് വിഭാവനം ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ സർക്കാരിന്റെ അവസാനഘട്ടത്തിൽ കിഫ്ബിയുടെ പണമിടപാടുകളിലും അതിന്റെ നിയമപരമായ വശങ്ങളിലും ഭരണഘടനാപരമായ പദവികളിലും പല കോണുകളിൽ നിന്നും കടുത്ത വിമർശനങ്ങളും കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളും ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ഭരണകൂടം കിഫ്ബിയിൽ വൻ അഴിച്ചുപണിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

