കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അയ്യംവേലി പറമ്പിൽ കണ്ണൻ ആണ് മരിച്ചത്. കേസിൽ ജെൻസൻ എന്നയാളെയാണ് തേവര പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
ശനിയാഴ്ച രാത്രി 10 മണിയോടെയാണ് പള്ളുരുത്തി വെളി പ്രദേശത്ത് സംഭവം നടന്നത്. ജെൻസന്റെ സുഹൃത്തിന്റെ മകളുമായി കണ്ണന് ഉണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും തമ്മിൽ നേരത്തെയും തർക്കങ്ങളും സംഘർഷങ്ങളും ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
സംഭവദിവസം രാത്രിയും ഇരുവരും തമ്മിൽ വാക്കേറ്റവും ഏറ്റുമുട്ടലും ഉണ്ടായി. ഇതിനിടെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ജെൻസൻ കണ്ണനെ കുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ കണ്ണൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.
കൊലപാതകം നടക്കുമ്പോൾ പെൺകുട്ടിയുടെ പിതാവും മറ്റൊരാളും സ്ഥലത്തുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

