Home Keralaഹെൽമെറ്റില്ലാതെ യാത്ര ചെയ്താൽ ലൈസൻസ് മൂന്ന് മാസം സസ്പെൻഡ്; നിയമലംഘകർക്കെതിരെ കടുത്ത നടപടിയുമായി എംവിഡി

ഹെൽമെറ്റില്ലാതെ യാത്ര ചെയ്താൽ ലൈസൻസ് മൂന്ന് മാസം സസ്പെൻഡ്; നിയമലംഘകർക്കെതിരെ കടുത്ത നടപടിയുമായി എംവിഡി

by news_desk1
0 comments

തിരുവനന്തപുരം: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനുമായി ശിക്ഷാനടപടികൾ കൂടുതൽ കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. ഹെൽമെറ്റില്ലാതെ വാഹനം ഓടിക്കുന്നവർക്കും ആംബുലൻസിന് വഴിനൽകാത്തവർക്കും ഉൾപ്പെടെ ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത നടപടികളാണ് ഇനി നേരിടേണ്ടി വരിക.

പുതിയ നിർദേശപ്രകാരം ഹെൽമെറ്റില്ലാതെ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ മൂന്ന് മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും. കൂടാതെ ഒരു ദിവസത്തെ നിർബന്ധിത പരിശീലന ക്ലാസിലും പങ്കെടുക്കേണ്ടിവരും. ലൈസൻസ് സസ്പെൻഡ് ചെയ്തവരുടെ വിവരങ്ങൾ സാരഥി പോർട്ടലിലും മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.

ആംബുലൻസിന് വഴി നൽകാതിരിക്കുന്നവർക്ക് ആറ് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനൊപ്പം ഒരു ദിവസത്തെ പരിശീലനവും നിർബന്ധമാക്കും. നിയമലംഘനത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഒരു ദിവസം മുതൽ മൂന്ന് ദിവസം വരെയുള്ള പരിശീലന ക്ലാസുകൾ നിർബന്ധമാക്കാനാണ് തീരുമാനം.

മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ ഡ്രൈവിംഗ്, അനധികൃത റേസിംഗ് എന്നിവയ്ക്ക് ആറ് മാസത്തെ ലൈസൻസ് സസ്പെൻഷനും മൂന്ന് ദിവസത്തെ പരിശീലനവും ലഭിക്കും. അമിതവേഗത്തിൽ വാഹനം ഓടിക്കുന്നവർക്ക് മൂന്ന് മാസത്തെ സസ്പെൻഷനും മൂന്ന് ദിവസത്തെ പരിശീലനവും നിർബന്ധമാകും.

അശ്രദ്ധയോടെയോ മദ്യലഹരിയിലോ വാഹനമോടിച്ച് ആളപായമുണ്ടാക്കിയാൽ ഒരു വർഷത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇത്തരം ഗുരുതര കേസുകളിൽ അഞ്ച് ദിവസത്തെ പ്രത്യേക പരിശീലനവും നിർബന്ധമായിരിക്കും.

പുതിയ നിർദേശങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുത്താൻ എല്ലാ ആർടിഒമാർക്കും മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകും. റോഡ് സുരക്ഷ ശക്തിപ്പെടുത്താനും അപകടങ്ങൾ കുറയ്ക്കാനുമാണ് നടപടികളെന്ന് വകുപ്പ് അറിയിച്ചു.

You may also like