Home Keralaസംസ്ഥാന പൊലീസ് അസോസിയേഷൻ ഭരണസമിതി പിരിച്ചുവിട്ടു; പുതിയ സംഘടനാ ഘടനയ്ക്ക് തുടക്കം

സംസ്ഥാന പൊലീസ് അസോസിയേഷൻ ഭരണസമിതി പിരിച്ചുവിട്ടു; പുതിയ സംഘടനാ ഘടനയ്ക്ക് തുടക്കം

by news_desk1
0 comments

തിരുവനന്തപുരം: സർക്കാർ ഉത്തരവിനെ തുടർന്ന് സംസ്ഥാന പൊലീസ് അസോസിയേഷന്റെ നിലവിലെ ഭരണസമിതി പിരിച്ചുവിട്ടു. പൊലീസ് സംഘടനകളുടെ ഘടനയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നടപടി.

പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ, സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നിലവിലെ ഭരണസമിതികളാണ് പിരിച്ചുവിട്ടത്. സംഘടനകളുടെ പുനഃസംഘടനയും പുതിയ അംഗത്വ നടപടികളും പൂർത്തിയാക്കുന്നതിനായി ഡിജിപി ഒരു അഡ്ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

പൊലീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ജി.ആർ. അജിത് ഉൾപ്പെടെ 17 പേരടങ്ങുന്ന താൽക്കാലിക ഭരണസമിതിയെയാണ് നിയോഗിച്ചത്. സംസ്ഥാന പൊലീസ് മേധാവി റാവാഡ ആസാദ് ചന്ദ്രശേഖറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സെപ്റ്റംബർ 30നകം പുതിയ ഭരണസമിതികൾ നിലവിൽ വരണമെന്നാണ് സർക്കാർ നിർദേശം.

നിലവിലുള്ള മൂന്ന് പൊലീസ് സംഘടനകൾക്ക് പകരം ഇനി രണ്ട് സംഘടനകൾ മാത്രമായിരിക്കും ഉണ്ടാകുക. സിവിൽ പൊലീസ് ഓഫീസർ മുതൽ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ വരെയുള്ള റാങ്കിലുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കേരള പൊലീസ് അസോസിയേഷൻ (KPA) രൂപീകരിക്കും. സബ് ഇൻസ്‌പെക്ടർ മുതൽ സൂപ്രണ്ട് ഓഫ് പൊലീസ് (നോൺ-ഐ.പി.എസ്) വരെയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ (KPSOA) പുനഃസംഘടിപ്പിക്കും.

ഇതോടെ നിലവിലുണ്ടായിരുന്ന കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ (KPOA) ഇല്ലാതാകും.

KPOAയുടെ കൈവശമുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടുകൾ, ആസ്തികൾ, നിക്ഷേപങ്ങൾ, മറ്റ് അവകാശങ്ങൾ, ബാധ്യതകൾ എന്നിവ നിയമപരമായ നടപടികൾ പാലിച്ച് കൈമാറും. ഇതിൽ 60 ശതമാനം കേരള പൊലീസ് അസോസിയേഷനും (KPA), 40 ശതമാനം കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനും (KPSOA) ലഭിക്കും.

സംഘടനകളുടെ പുനഃസംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 17 അംഗങ്ങളടങ്ങിയ സംസ്ഥാനതല അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. നിലവിലുള്ള ഭരണസമിതികളുടെ ചുമതലകളും രേഖകളും അഡ്ഹോക്ക് കമ്മിറ്റിക്ക് കൈമാറാനും നിർദേശം നൽകിയിട്ടുണ്ട്.

അംഗത്വ പരിശോധനയും രജിസ്ട്രേഷൻ നടപടികളും പൂർത്തിയാക്കി വോട്ടർ പട്ടിക തയ്യാറാക്കുക, തുടർന്ന് യൂണിറ്റ്, ജില്ലാ, സംസ്ഥാന തല തിരഞ്ഞെടുപ്പുകൾ 2026 സെപ്റ്റംബർ 30നകം പൂർത്തിയാക്കുക എന്നിവയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രധാന ചുമതലകൾ.

You may also like