Home Keralaതിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം; 100 എംബിബിഎസ് സീറ്റുകൾ അനുവദിക്കും

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം; 100 എംബിബിഎസ് സീറ്റുകൾ അനുവദിക്കും

by news_desk1
0 comments

തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ എംബിബിഎസ് പ്രവേശനം ആരംഭിക്കാൻ തീരുമാനം. 100 സീറ്റുകളിലേക്കാണ് പ്രവേശനം അനുവദിക്കുക. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയും സംസ്ഥാന ആരോഗ്യ മന്ത്രി കെ. മുരളീധരനും ദില്ലിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

കെ. കരുണാകരൻ മെമ്മോറിയൽ ഗവൺമെന്റ് മെഡിക്കൽ കോളേജ് എന്ന പേരിലാകും പുതിയ മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കുക.

കോടികൾ ചെലവഴിച്ച് 10 വർഷം മുമ്പ് കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടും എംബിബിഎസ് പഠനം ആരംഭിക്കാൻ കഴിയാതിരുന്നത് ഗുരുതരമായ അനാസ്ഥയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനോടകം തന്നെ 1,100 വിദ്യാർഥികൾക്ക് ഇവിടെ എംബിബിഎസ് പഠനത്തിന് അവസരം ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതായും മന്ത്രി കെ. മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇന്ത്യയിൽ ആദ്യമായി ജനറ്റിക് ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ ആരംഭിക്കുന്നതിനുള്ള പ്രൊപോസൽ സമർപ്പിക്കാൻ കേന്ദ്രമന്ത്രി നിർദേശം നൽകി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ജില്ലാ ആശുപത്രികൾ കേന്ദ്രീകരിച്ച് ട്രോമ കെയർ സെന്ററുകൾ ആരംഭിക്കുന്നതിന് ആവശ്യമായ സഹായവും കേന്ദ്രം നൽകുമെന്ന് ഉറപ്പ് നൽകി.

കേന്ദ്രസർക്കാരിന്റെ ഇൻഷുറൻസ് പദ്ധതിയുടെ പരിധി ഉയർത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും കേന്ദ്രമന്ത്രി അംഗീകരിച്ചു. കേരളത്തിലെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നിലവാരം ഉയർത്തുന്നതിനാവശ്യമായ സഹായം നൽകുമെന്നും പെൺകുട്ടികൾക്ക് എച്ച്.പി.വി വാക്സിൻ നൽകുന്നതിനും കേന്ദ്രസഹായം ഉറപ്പുനൽകിയതായും അറിയിച്ചു.

You may also like