Home Keralaതീക്കോയിൽ കുട്ടികളെ വിൽക്കുന്ന മാഫിയയെന്ന് ഗർഭിണിയുടെ പരാതി; തടവിലാക്കിയെന്നും ആരോപണം, രണ്ട് പേർ അറസ്റ്റിൽ

തീക്കോയിൽ കുട്ടികളെ വിൽക്കുന്ന മാഫിയയെന്ന് ഗർഭിണിയുടെ പരാതി; തടവിലാക്കിയെന്നും ആരോപണം, രണ്ട് പേർ അറസ്റ്റിൽ

by news_desk1
0 comments

കോട്ടയം: കോട്ടയം ജില്ലയിലെ തീക്കോയിയിൽ ഗർഭിണിയായ യുവതിയെ തടവിൽ പാർപ്പിച്ചെന്നും കുട്ടികളെ വിൽക്കുന്ന മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നുമുള്ള പരാതിയിൽ അന്വേഷണം ശക്തമാക്കി പൊലീസ്. അസം സ്വദേശിനിയായ 22കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.

അസം സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ, വാഗമണിന് സമീപമുള്ള തീക്കോയ് കേന്ദ്രീകരിച്ച് കുട്ടികളെ വിൽക്കുന്ന സംഘമാണ് പ്രവർത്തിക്കുന്നതെന്നാണ് ആരോപണം. സ്വന്തം വീട്ടുകാർ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതിനെ തുടർന്ന് നാടുവിട്ട യുവതി, അമ്മയെയും കുഞ്ഞിനെയും സംരക്ഷിക്കുന്ന സ്ഥാപനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അന്വേഷിക്കുന്നതിനിടെയാണ് തീക്കോയിലെ “അർഷിവ് കെയർ” എന്ന സ്ഥാപനത്തെക്കുറിച്ച് അറിഞ്ഞത്.

തുടർന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോൾ കാർത്തിക് എന്ന് പരിചയപ്പെടുത്തിയ ഒരാൾ കോട്ടയത്തേക്ക് എത്തുന്നതിനുള്ള ട്രെയിൻ ടിക്കറ്റും യാത്രാച്ചെലവും അയച്ചുനൽകിയതായി യുവതി പരാതിയിൽ പറയുന്നു. പത്ത് ദിവസം മുമ്പാണ് യുവതി തീക്കോയിലെ സ്ഥാപനത്തിലെത്തിയത്.

സ്ഥാപനത്തിൽ എത്തിയതിന് ശേഷം കുഞ്ഞിനെ കൈമാറിയാൽ ₹3 ലക്ഷം നൽകാമെന്ന് ഒരാൾ വാഗ്ദാനം ചെയ്തുവെന്നും, കുഞ്ഞിന് വില പറഞ്ഞതോടെയാണ് തട്ടിപ്പ് മനസ്സിലായതെന്നും യുവതി പൊലീസിന് മൊഴി നൽകി. തുടർന്ന് അവിടെ നിന്ന് രക്ഷപ്പെട്ട യുവതി കോട്ടയത്തെ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെയാണ് പൊലീസിൽ പരാതി നൽകിയത്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തമിഴ്നാട് സ്വദേശി രാജയും വാഗമൺ സ്വദേശി അർജുനും ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ അന്യായമായി തടവിൽ പാർപ്പിച്ചതിനും മർദിച്ചതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നടപടി.

അതേസമയം, യുവതി ഉന്നയിച്ച കുട്ടിക്കടത്ത് സംബന്ധമായ ആരോപണങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. വനിതാ-ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥരും യുവതിയിൽ നിന്ന് വിശദമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

You may also like