കൊച്ചി: ആഗോളതലത്തിൽ വൻ വിജയം നേടിയ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അന്വേഷണസംഘം ആയിരത്തോളം പേജുകളുള്ള വിശദമായ കുറ്റപത്രം നൽകിയത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ നടൻ സൗബിൻ ഷാഹിർ, അദ്ദേഹത്തിന്റെ പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. സിനിമയുടെ വൻ ലാഭവിഹിതം വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പ്രതികൾക്കെതിരെയുള്ള കണ്ടെത്തൽ.
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ ആകെ ലാഭത്തിന്റെ 40 ശതമാനം നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ തന്നിൽ നിന്ന് ഏഴു കോടി രൂപ കൈപ്പറ്റിയെന്നും, എന്നാൽ ചിത്രം തിയേറ്ററുകളിൽ വൻ വിജയമായിട്ടും ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ വഞ്ചിച്ചുവെന്നും കാണിച്ച് അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് നൽകിയ പരാതിയിലാണ് നടപടി. കേസിൽ പ്രതികളായ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവർക്ക് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ കുറ്റപത്രം കോടതിയിലെത്തിയത്. വിശ്വാസവഞ്ചന, ചതി, ഗൂഢാലോചന, ഒന്നിലധികം ആളുകൾ ചേർന്ന് തട്ടിപ്പ് നടത്തൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

