കുന്നംകുളം: കുന്നംകുളം പോർക്കളെങ്ങാട് ക്ഷേത്രത്തിന്റെ മേൽക്കൂര വൃത്തിയാക്കുന്നതിനിടെയുണ്ടായ ശക്തമായ വൈദ്യുതാഘാതത്തിൽ യുവാവ് മരണപ്പെട്ടു. പോർക്കളെങ്ങാട് സ്വദേശി ആലിക്കൽ വീട്ടിൽ നിഷാദ് (32) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ ഈ അപകടം സംഭവിച്ചത്. ക്ഷേത്രത്തിലെ മേൽക്കൂരയിലെ ഷീറ്റ് വൃത്തിയാക്കുന്നതിനായി മുകളിൽ കയറിയ നിഷാദിന് അപ്രതീക്ഷിതമായി ഷോക്കേൽക്കുകയായിരുന്നു.
അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും മേൽക്കൂരയിൽ നിന്ന് നിഷാദിനെ താഴെയിറക്കി കുന്നംകുളം മലങ്കര ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. നിലവിൽ മൃതദേഹം കുന്നംകുളം മലങ്കര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും.
ക്ഷേത്രത്തോട് ചേർന്നു കിടക്കുന്ന പൊന്നാരശ്ശേരി വീട്ടിൽ മോഹനന്റെ വസതിയിലേക്ക് പോകുന്ന കെ.എസ്.ഇ.ബിയുടെ പ്രധാന സർവീസ് വയർ ക്ഷേത്രത്തിലെ ഈ ഇരുമ്പ് ഷീറ്റിൽ തട്ടി നിന്നിരുന്നു. ഇതിൽ നിന്നും ഷീറ്റിലേക്ക് വൈദ്യുതി പടർന്നതാണ് നിഷാദിന് ഷോക്കേൽക്കാൻ കാരണമായതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. അതീവ അപകടകരവും അശാസ്ത്രീയവുമായ രീതിയിലാണ് കെ.എസ്.ഇ.ബി ഇവിടെ സർവീസ് വയർ വലിച്ചിരിക്കുന്നതെന്നും, ലൈനിലെ തകരാർ പരിഹരിക്കാൻ മുൻപ് ആവശ്യപ്പെട്ടിട്ടും അധികൃതർ തയ്യാറായില്ലെന്നും ആരോപണമുണ്ട്. കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് ഒരു ജീവൻ പൊലിയാൻ കാരണമായതെന്ന് ആരോപിച്ച് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

