Home Keralaമാസപ്പടി കേസ്: അന്വേഷണം വേഗത്തിലാക്കാൻ ഇഡി; ഉദ്യോഗസ്ഥർക്ക് ഡയറക്ടറുടെ കർശന നിർദേശം

മാസപ്പടി കേസ്: അന്വേഷണം വേഗത്തിലാക്കാൻ ഇഡി; ഉദ്യോഗസ്ഥർക്ക് ഡയറക്ടറുടെ കർശന നിർദേശം

by news_desk1
0 comments

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകിയതിനെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടികൾ വേഗത്തിലാക്കുന്നു. കേസിന്റെ നിലവിലെ പുരോഗതി വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിൽ അന്വേഷണത്തിന്റെ ഗതി തൃപ്തികരമാണെന്ന് വിലയിരുത്തിയതായാണ് വിവരം.

ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ച സാഹചര്യത്തിൽ തുടർനടപടികൾ കാലതാമസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ഇഡി ഡയറക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഭാവിയിൽ വീണ്ടും നിയമനടപടികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അന്വേഷണം പഴുതടച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകണമെന്നും നിർദേശിച്ചിട്ടുണ്ട്.

സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത ഉൾപ്പെടെയുള്ളവർ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെയാണ് അന്വേഷണത്തിന് പുതിയ വഴിത്തിരിവുണ്ടായത്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ തടയണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.

അന്വേഷണം ആരംഭിക്കുന്നതിന് ഇസിഐആർ രജിസ്റ്റർ ചെയ്യാത്തത് തടസ്സമല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സ്വത്ത് മരവിപ്പിക്കൽ, പ്രാഥമിക അന്വേഷണം, സമൻസ് നൽകൽ തുടങ്ങിയ നടപടികൾക്കായി ഇസിഐആർ നിർബന്ധമല്ലെന്നും അത് നിയമപരമായ രേഖയല്ലെന്നും കോടതി നിരീക്ഷിച്ചു.

ഹൈക്കോടതി ഉത്തരവിന് പിന്നാലെ കേസിൽ ഉൾപ്പെട്ടവർക്കെതിരെ ഇഡി ഉടൻ സമൻസ് നൽകാനാണ് സാധ്യത. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ, സിഎംആർഎൽ ഉദ്യോഗസ്ഥർ തുടങ്ങിയവരെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടക്കുമെന്നാണ് സൂചന.

2016 മുതൽ 2021 വരെയുള്ള കാലയളവിൽ എക്സാലോജിക് കമ്പനിക്കും വീണ വിജയനും ഐടി സേവനങ്ങളുടെ പേരിൽ സിഎംആർഎൽ നൽകിയതായി പറയപ്പെടുന്ന രണ്ട് കോടിയിലധികം രൂപയാണ് അന്വേഷണത്തിന്റെ കേന്ദ്രവിഷയം. എന്നാൽ പ്രസ്തുത സേവനങ്ങൾ യഥാർത്ഥത്തിൽ നൽകിയിട്ടില്ലെന്നാണ് നേരത്തെ ഗൗരവമുള്ള കണ്ടെത്തലുകൾ പുറത്തുവന്നത്. സേവനം നൽകാതെയാണ് പണം കൈമാറിയതെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നതാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, കരാറുകൾ, ബാങ്ക് രേഖകൾ എന്നിവ കൂടുതൽ വിശദമായി പരിശോധിച്ച് അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്ന് അന്വേഷണവൃത്തങ്ങൾ അറിയിച്ചു.

You may also like