തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡിലെ കോടിക്കണക്കിന് രൂപയുടെ അഴിമതിക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി പ്രതി. ക്ഷേമനിധി ബോർഡിൽ നിന്ന് തട്ടിയെടുത്ത പണത്തിൽ ഉൾപ്പെട്ട 6 കോടി രൂപയുടെ പഴയ 500, 1000 രൂപ നോട്ടുകൾ നോട്ട് നിരോധനത്തിന് പിന്നാലെ കത്തിച്ചുകളഞ്ഞതായി പ്രതിയായ ക്ലർക്ക് സംഗീത് വിജിലൻസിന് മൊഴി നൽകി.
2016ലെ നോട്ട് നിരോധനത്തിന് ശേഷം കൈവശമുണ്ടായിരുന്ന പഴയ നോട്ടുകൾ ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായതോടെ, 2017ൽ സ്വന്തം വീട്ടിലെ ഇൻസിനറേറ്ററിൽ ഇട്ട് നോട്ടുകൾ നശിപ്പിച്ചുവെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. മൊഴിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഉദ്യോഗസ്ഥർ ഫോറൻസിക് സംഘത്തോടൊപ്പം സ്ഥലത്തെത്തി പരിശോധനയും നടത്തി.
കേസിൽ ഇതുവരെ നടത്തിയ അന്വേഷണത്തിൽ സംഗീത് 16 കോടി രൂപയോളം തട്ടിയെടുത്തതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ലോട്ടറി തൊഴിലാളികൾ ക്ഷേമനിധിയിലേക്ക് അടച്ച അംശാദായ തുകയാണ് വ്യാജരേഖകൾ ഉപയോഗിച്ച് സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തായ അനിൽകുമാറിന്റെ അക്കൗണ്ടിലേക്കും മാറ്റിയതെന്നാണ് കണ്ടെത്തൽ.
ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പുകൾ ഉപയോഗിച്ചാണ് വിവിധ അക്കൗണ്ടുകളിലേക്ക് പോകേണ്ട തുക സ്വന്തം നിയന്ത്രണത്തിലുള്ള അക്കൗണ്ടുകളിലേക്ക് മാറ്റിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. 2012 മുതൽ 2016 വരെ ബാങ്കുകളിൽ നിന്ന് നേരിട്ട് പണം പിൻവലിച്ചിരുന്ന പ്രതി, നോട്ട് നിരോധനത്തിന് ശേഷം പല അക്കൗണ്ടുകളിലായി പണം മാറ്റി സൂക്ഷിക്കുന്ന രീതിയിലേക്ക് മാറിയതായും കണ്ടെത്തിയിട്ടുണ്ട്.
തട്ടിയെടുത്ത പണം ഉപയോഗിച്ച് കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിന്റെ പരിധിയിൽ മാത്രം 45 ഭൂമി രജിസ്ട്രേഷനുകൾ നടത്തിയതായും വിജിലൻസ് കണ്ടെത്തി. 2021 വരെ നീണ്ടുനിന്ന തട്ടിപ്പിലൂടെ വൻ സ്വത്തുക്കൾ സമ്പാദിച്ചതായും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
ലോട്ടറി ക്ഷേമനിധി ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ക്രമക്കേടുകളിലൊന്നായി വിലയിരുത്തപ്പെടുന്ന കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നും തട്ടിപ്പിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും വിജിലൻസ് വിശദമായ അന്വേഷണം തുടരുകയാണ്.

