Home Top Storiesഎം.ആർ. അജിത് കുമാറിന് ഡിജിപി സ്ഥാനക്കയറ്റമില്ല; സസ്പെൻഷൻ നിലനിൽക്കുന്നതിനാൽ അർഹതയില്ലെന്ന് രമേശ് ചെന്നിത്തല

എം.ആർ. അജിത് കുമാറിന് ഡിജിപി സ്ഥാനക്കയറ്റമില്ല; സസ്പെൻഷൻ നിലനിൽക്കുന്നതിനാൽ അർഹതയില്ലെന്ന് രമേശ് ചെന്നിത്തല

by news_desk1
0 comments

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെതിരെ നടപടി സ്വീകരിച്ചതെന്നും, നിലവിലെ സാഹചര്യത്തിൽ സ്ഥാനക്കയറ്റത്തിന് പ്രത്യേക സ്‌ക്രീനിങ് കമ്മിറ്റിയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിക്കാത്ത പക്ഷം പട്ടികയിലെ അടുത്ത ഉദ്യോഗസ്ഥന് അവസരം ലഭിക്കുമെന്നും, വസ്തുതകൾ അറിയാതെയാണ് പലരും പ്രചാരണം നടത്തുന്നതെന്നും മന്ത്രി പ്രതികരിച്ചു.

ഡിജിപി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് സർക്കാർ തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സർവീസിലുള്ള ഒരു ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റം തടയാൻ സസ്പെൻഷൻ, വകുപ്പുതല നടപടി, അല്ലെങ്കിൽ ക്രിമിനൽ കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടിരിക്കണം എന്നിങ്ങനെ മൂന്ന് സാഹചര്യങ്ങളാണുള്ളത്. അജിത് കുമാർ നിലവിൽ സസ്പെൻഷനിലായതിനാൽ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് ഇനി ആശയക്കുഴപ്പത്തിന് ഇടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യണമെന്ന എം.ആർ. അജിത് കുമാറിന്റെ ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഡിജിപി പദവിക്ക് അർഹതയില്ലെന്നും ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥനാണെന്നും ചൂണ്ടിക്കാട്ടിയാണ് ട്രിബ്യൂണൽ ഹർജി തള്ളിയത്. സർക്കാർ സ്വീകരിച്ച നിലപാട് അംഗീകരിച്ചാണ് ഈ തീരുമാനം.

സസ്പെൻഷൻ ഉത്തരവ് നിയമവിരുദ്ധമാണെന്നും അത് സ്റ്റേ ചെയ്യണമെന്നുമാവശ്യപ്പെട്ട് അജിത് കുമാർ അടിയന്തര ഹർജിയുമായി ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. മന്ത്രിസഭ പുതിയ ഡിജിപിമാരെ തീരുമാനിക്കുന്നതിന് മുമ്പ്, തന്റെ കീഴിലുള്ള ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ഗൺമാൻമാർ കെ.എസ്.യു പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്. ഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമാണ് ആഭ്യന്തരമന്ത്രി നടപടിക്ക് അനുമതി നൽകിയത്.

You may also like