പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറയിലെ ദേശബന്ധു സ്കൂൾ ബസിന്റെ വാതിൽ യാത്രയ്ക്കിടെ തെറിച്ചുവീണ സംഭവത്തെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് (എംവിഡി) വ്യാപക പരിശോധന ആരംഭിച്ചു. പരിശോധനയ്ക്കായി ഹാജരാക്കാതെ മാറ്റിയിരുന്ന അപകടത്തിൽപ്പെട്ട ബസ് കൊപ്പത്ത് നിന്ന് കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസും എംവിഡി അധികൃതർ പിടിച്ചെടുത്തു. അപകടത്തിന് പിന്നാലെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ സ്കൂളിലെത്തിയപ്പോൾ ബന്ധപ്പെട്ട ബസ് സ്കൂൾ പരിസരത്ത് ഉണ്ടായിരുന്നില്ല. തുടർന്ന് ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെയാണ് വാഹനം കണ്ടെത്തിയത്.
സ്കൂളിന്റെ ഉടമസ്ഥതയിലുള്ള ആറ് വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരാക്കിയപ്പോൾ അവയിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഗുരുതര വീഴ്ചകൾ കണ്ടെത്തി. ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാകുന്ന സ്കൂൾ വാഹനങ്ങളിൽ നിർബന്ധമായ സുരക്ഷാ സംവിധാനങ്ങളും ക്യാമറകളും ഉൾപ്പെടെയുള്ള ഉപകരണങ്ങളും സ്ഥാപിച്ചിരിക്കണമെന്ന നിബന്ധന പാലിച്ചിരുന്നില്ലെന്നാണ് കണ്ടെത്തൽ.
സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുത്ത എംവിഡി 30,000 രൂപ പിഴ ചുമത്തി. വെള്ളിയാഴ്ച കുട്ടികളുമായി സർവീസ് നടത്തുന്നതിനിടെയാണ് ബസിന്റെ ഹൈഡ്രോളിക് സംവിധാനമുള്ള വാതിൽ അപ്രതീക്ഷിതമായി തെറിച്ചുവീണത്. അപകടത്തിൽ വലിയ ദുരന്തം ഒഴിവായത് ഭാഗ്യകരമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലയിലുടനീളം പ്രത്യേക പരിശോധനകൾ തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

