കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ സമഗ്രമായ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. മെമ്മറി കാർഡ് പരിശോധിച്ചതിലെ അട്ടിമറിയെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടിലെ ഞെട്ടിക്കുന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്. അതിജീവിതയ്ക്ക് വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവറാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് മൂന്ന് തവണയാണ് നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ടതെന്ന് മാധ്യമങ്ങൾ നേരത്തെ പുറത്തുവിട്ടിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, 2018 ജനുവരി 9-ന് രാത്രി 9.58-ഓടെ അങ്കമാലി മജിസ്‌ട്രേറ്റായിരുന്ന ലീന റഷീദാണ് ആദ്യമായി മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചത്. പിന്നീട് 2018 ഡിസംബർ 13-ന് രാത്രി 10.58-ഓടെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹൻ കാർഡ് അനധികൃതമായി പരിശോധിച്ചതായും കണ്ടെത്തിയിരുന്നു. വിചാരണക്കോടതിയിലെ ശിരസ്താദാർ താജുദ്ദീൻ തന്റെ സ്വന്തം വിവോ (Vivo) മൊബൈൽ ഫോണിലിട്ടാണ് ദൃശ്യങ്ങൾ കണ്ടതെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. എന്നാൽ, മെമ്മറി കാർഡ് പരിശോധിക്കാൻ ഉപയോഗിച്ച ഈ മൊബൈൽ ഫോൺ പിന്നീട് നഷ്ടപ്പെട്ടു എന്ന വിചിത്രമായ മൊഴിയാണ് താജുദ്ദീൻ നൽകിയിരിക്കുന്നത്.
പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അതീവ സുരക്ഷിതമായി സൂക്ഷിക്കണമെന്നും, എഫ്.എസ്.എൽ (FSL) ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലല്ലാതെ മൊബൈൽ ഫോണോ ദൃശ്യങ്ങൾ പകർത്താൻ സാധ്യതയുള്ള മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ച് ഇത് പരിശോധിക്കരുതെന്നും 2019 നവംബർ 29-ന് സുപ്രീം കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. കേട്ടിൽ പ്രതിയായ ദിലീപിനും സംഘത്തിനും ദൃശ്യങ്ങൾ കാണിച്ചുകൊടുത്തത് ഈ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു. എന്നാൽ ഈ മാർഗ്ഗനിർദ്ദേശങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിന്റെ മേൽനോട്ടത്തിലുള്ള കോടതിയിലെ ഉദ്യോഗസ്ഥർ മെമ്മറി കാർഡ് കൈകാര്യം ചെയ്തതെന്ന് ആക്ഷേപമുണ്ട്. വിചാരണക്കോടതിയിൽ മെമ്മറി കാർഡ് കൈകാര്യം ചെയ്തതിൽ കടുത്ത ദുരൂഹതയുണ്ടെന്നും ഇതിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം പുറത്തുകൊണ്ടുവരാൻ പോലീസ് പുനരന്വേഷണം അനിവാര്യമാണെന്നും അതിജീവിത ഹർജിയിൽ ബോധിപ്പിച്ചു.

