തിരുവനന്തപുരം: ആദിവാസി വിദ്യാർത്ഥികളുടെ പഠന പിന്തുണയ്ക്കായി നിയമിച്ച മെന്റർ അധ്യാപകരെ പിരിച്ചുവിട്ട സർക്കാർ നടപടി കടുത്ത അന്യായമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. പിരിച്ചുവിട്ട അധ്യാപകരെ അടിയന്തരമായി സർവീസിൽ തിരിച്ചെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതിപക്ഷ നേതാവ് വിഷയത്തിൽ പ്രതികരിച്ചത്. ആദിവാസി വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും സ്കൂൾ കൊഴിഞ്ഞുപോക്ക് കുറയ്ക്കുന്നതിനുമായി എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ പ്രധാന പദ്ധതിയായിരുന്നു മെന്റർ അധ്യാപക നിയമനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി സേവനമനുഷ്ഠിച്ചിരുന്ന 308 മെന്റർ അധ്യാപകരെയാണ് നിലവിൽ ഒഴിവാക്കിയത്. ഗോത്രബന്ധു പദ്ധതിയുടെ ഭാഗമായി പ്രതിമാസം 21,900 രൂപ വേതനത്തിൽ ഒന്നുമുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകിയിരുന്നവരാണ് ഇവർ. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ടിടിസി, ബി.എഡ് യോഗ്യതയുള്ള യുവാക്കളെയാണ് ഈ തസ്തികകളിലേക്ക് നിയമിച്ചിരുന്നത്.
പട്ടികവർഗ വകുപ്പ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് നിലവിലുള്ള അധ്യാപകരെ ഈ അധ്യയന വർഷം ജോലിയിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. സ്കൂൾ തുറന്നിട്ടും നിരവധി അധ്യാപകർക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു.
വയനാട്ടിൽ 241 പേരും പാലക്കാട് 50 പേരും മലപ്പുറത്ത് 17 പേരും ഉൾപ്പെടെ നിരവധി പേർക്ക് ജോലി നഷ്ടമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ ആദിവാസി വിദ്യാർത്ഥികളുടെ പഠനപ്രവർത്തനങ്ങൾ താളംതെറ്റുമെന്നും ആശങ്ക പ്രകടിപ്പിച്ചു.
2016-ൽ ആരംഭിച്ച ഈ പദ്ധതി രാജ്യത്ത് തന്നെ മാതൃകാപരമായ ഇടപെടലായിരുന്നുവെന്ന് പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഗോത്രവിഭാഗങ്ങളിൽപ്പെട്ട അധ്യാപകർ സ്വന്തം ഭാഷയിലും സാംസ്കാരിക പശ്ചാത്തലത്തിലും വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തിയത് പഠനമികവ് വർധിപ്പിക്കാനും സ്കൂൾ ഉപേക്ഷിക്കൽ കുറയ്ക്കാനും സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി തുടങ്ങിയ പിന്നാക്ക ഗോത്രവിഭാഗങ്ങളിൽപ്പെട്ടവരാണ് അധ്യാപകരിൽ ഭൂരിഭാഗവും. വിദ്യാർത്ഥികളെ സ്കൂളുകളിൽ ചേർക്കുന്നതിനും പഠനപ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നതിനുമായി കഴിഞ്ഞ മാസങ്ങളിലുടനീളം സജീവമായി പ്രവർത്തിച്ചവർക്കാണ് ഇപ്പോൾ തൊഴിൽ നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മെന്റർ അധ്യാപകരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് അവരെ സർവീസിൽ തിരിച്ചെടുക്കാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

