വാഷിങ്ടൺ/തെഹ്റാൻ: ഹോർമൂസ് കടലിടുക്കിൽ വീണ്ടും സൈനിക സംഘർഷം രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. ഇറാൻ വിക്ഷേപിച്ച നാല് ഡ്രോണുകൾ തങ്ങൾ വെടിവെച്ചിട്ടതായി അമേരിക്കൻ സൈന്യം അവകാശപ്പെട്ടു. ഇതിന് പിന്നാലെ ഇറാന്റെ തീരദേശ നിരീക്ഷണ റഡാർ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായും അമേരിക്ക അറിയിച്ചു.
ഹോർമൂസ് കടലിടുക്കിലെ അന്താരാഷ്ട്ര കപ്പൽഗതാഗതത്തിന് ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചതെന്ന് അമേരിക്കൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ഭാവിയിൽ ഉണ്ടാകാവുന്ന ആക്രമണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് റഡാർ സംവിധാനങ്ങൾ പ്രവർത്തിച്ചിരുന്ന കേന്ദ്രങ്ങൾ ആക്രമിച്ചതെന്നും അവർ അറിയിച്ചു.
ആഗോള എണ്ണ-വാതക വിതരണത്തിലെ നിർണായക പാതയായ ഹോർമൂസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള പുതിയ സംഭവവികാസങ്ങൾ മേഖലയിലെ സുരക്ഷാ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഇതിനിടെ ഇറാനുമായി ബന്ധപ്പെട്ട ചില തുറമുഖങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെ അമേരിക്ക അധിക ഉപരോധ നടപടികൾ സ്വീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുണ്ടായിരുന്ന താൽക്കാലിക വെടിനിർത്തൽ ധാരണയെ പുതിയ സൈനിക നീക്കങ്ങൾ ബാധിക്കുമോയെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ഉയർന്നിട്ടുണ്ട്. മേഖലയിൽ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിവിധ രാജ്യങ്ങൾ അറിയിച്ചു.
അതേസമയം, സംഘർഷം നിയന്ത്രണവിധേയമാക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുകയാണെന്ന് അമേരിക്കൻ ഭരണകൂടം അറിയിച്ചു. എന്നാൽ ഹോർമൂസ് മേഖലയിലെ സുരക്ഷാ സാഹചര്യം വീണ്ടും വഷളാകുന്ന സൂചനകളാണ് ഏറ്റവും പുതിയ സംഭവങ്ങൾ നൽകുന്നത്. ആഗോള വ്യാപാരത്തെയും ഇന്ധന വിപണിയെയും ബാധിക്കാവുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

