വാർത്ത:
പാലക്കാട്: ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് തൊട്ടുമുന്നിൽ പാർക്ക് ചെയ്തിരുന്ന ഇളനീർ വ്യാപാരിയുടെ ഗുഡ്സ് ഓട്ടോറിക്ഷ മോഷണം പോയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. മോഷ്ടാവ് വാഹനവുമായി വാളയാർ ടോൾപ്ലാസ കടന്ന് തമിഴ്നാട് ഭാഗത്തേക്ക് പോയതായാണ് പ്രാഥമിക നിഗമനം.
പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്–യാക്കര റോഡിൽ നിർത്തിയിട്ടിരുന്ന യാക്കര സ്വദേശിയായ കൃഷ്ണൻകുട്ടിയുടെ ഗുഡ്സ് ഓട്ടോയാണ് കഴിഞ്ഞ രാത്രി മോഷണം പോയത്. കോട്ടമൈതാനത്ത് ഇളനീർ കച്ചവടത്തിനായി ഉപയോഗിച്ചിരുന്ന വാഹനമാണ് നഷ്ടമായത്.
സംഭവത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെയും വാളയാർ ടോൾപ്ലാസയിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ദൃശ്യങ്ങളിൽ വാഹനം തമിഴ്നാട് ഭാഗത്തേക്ക് പോകുന്നതായി കണ്ടെത്തിയതോടെ അന്വേഷണം സംസ്ഥാന അതിർത്തിക്കപ്പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
ടൗൺ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാഹനത്തിന്റെ സഞ്ചാരപാത കണ്ടെത്തുന്നതിനായി കൂടുതൽ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്. തമിഴ്നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ടെന്നാണ് വിവരം.
വാഹനം തന്റെ കുടുംബത്തിന്റെ ഏക ഉപജീവന മാർഗമായിരുന്നുവെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു. ദിവസേന ഇളനീർ എത്തിച്ച് കച്ചവടം നടത്തിയിരുന്നത് ഈ വാഹനത്തിലൂടെയാണെന്നും വാഹനം നഷ്ടമായതോടെ ജീവിതം പ്രതിസന്ധിയിലായെന്നും അദ്ദേഹം പറഞ്ഞു.
അതീവ സുരക്ഷാ സംവിധാനങ്ങൾ നിലനിൽക്കുന്ന എസ്.പി ഓഫീസ് പരിസരത്ത് നിന്നുതന്നെ വാഹനം മോഷണം പോയ സംഭവം വ്യാപാരികളിലും നാട്ടുകാരിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. പ്രതിയെ ഉടൻ കണ്ടെത്തി വാഹനം വീണ്ടെടുക്കാനാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

