Home Keralaധർമേന്ദ്ര പ്രധാൻ രാജി പ്രതിഷേധ ചരിത്രത്തിലെ പുതിയ അധ്യായം; മോദി അവസാനവരെ സംരക്ഷിക്കാൻ ശ്രമിച്ചു, രാഹുലിന്റെ ഇടപെടലും സ്വാഗതം ചെയ്ത് എം.എ. ബേബി

ധർമേന്ദ്ര പ്രധാൻ രാജി പ്രതിഷേധ ചരിത്രത്തിലെ പുതിയ അധ്യായം; മോദി അവസാനവരെ സംരക്ഷിക്കാൻ ശ്രമിച്ചു, രാഹുലിന്റെ ഇടപെടലും സ്വാഗതം ചെയ്ത് എം.എ. ബേബി

by news_desk1
0 comments

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് രാജ്യവ്യാപകമായി നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് രാജ്യത്തെ പ്രതിഷേധ ചരിത്രത്തിലെ പുതിയ അധ്യായമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി അഭിപ്രായപ്പെട്ടു. വിഷയത്തിൽ സാധാരണ പ്രതികരിക്കാത്തവരടക്കം മുന്നോട്ട് വന്നതും ജനങ്ങൾ സമരത്തെ ഏറ്റെടുത്തതുമാണ് ഈ പ്രതിഷേധത്തെ ചരിത്രപരമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

അവസാന നിമിഷം വരെ വിദ്യാഭ്യാസ മേഖലയെ തകർത്ത മന്ത്രിയെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചതെന്നും എം.എ. ബേബി ആരോപിച്ചു. ദില്ലിയിലെ സാഹചര്യം യുദ്ധക്കളത്തോട് ഉപമിക്കാവുന്നതാണെന്നും വിദ്യാർത്ഥികൾക്കെതിരായ പൊലീസ് അതിക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രിയുടെ രാജിക്ക് പിന്നാലെ ജന്ദർ മന്ദറിൽ നടന്നുവരികയായിരുന്ന സമരം അവസാനിപ്പിക്കാൻ സംയുക്ത സമരസമിതിക്കിടയിൽ ധാരണയായതായും എം.എ. ബേബി അറിയിച്ചു. സമരത്തിൽ കോൺഗ്രസിന്റെ പങ്കിനെക്കുറിച്ച് ഇപ്പോൾ വിലയിരുത്തേണ്ട സാഹചര്യമല്ലെന്നും, ഒരു ഘട്ടത്തിന് ശേഷമാണ് രാഹുൽ ഗാന്ധി സമരവുമായി ബന്ധപ്പെട്ട് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി ജന്ദർ മന്ദറിലെ സമരവേദി നേരിട്ട് സന്ദർശിച്ചിട്ടില്ലെങ്കിലും, വൈകിയാണെങ്കിലും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം നടത്തിയ ഇടപെടലിനെ സ്വാഗതം ചെയ്യുന്നുവെന്നും എം.എ. ബേബി വ്യക്തമാക്കി. സമരത്തിന്റെ ആവശ്യങ്ങളെക്കുറിച്ച് ഇടതുപക്ഷത്തിന് തുടക്കം മുതൽ വ്യക്തമായ നിലപാടുണ്ടായിരുന്നുവെന്നും, രാഷ്ട്രീയ പ്രവർത്തനത്തിൽ പ്രായം തടസ്സമല്ലെന്ന് തെളിയിച്ചുകൊണ്ട് 72-ാം വയസ്സിലും താൻ സമരമുഖത്ത് സജീവമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.ജെ.പി.യുടെ കാര്യത്തിൽ വിവിധ രാഷ്ട്രീയ കക്ഷികൾ സ്വീകരിക്കുന്ന നിലപാടുകൾ വിലയിരുത്തിയാണ് പിന്തുണ സംബന്ധിച്ച തീരുമാനം എടുക്കുകയെന്നും, ഭാവിയിലെ സാഹചര്യം ഇപ്പോൾ പ്രവചിക്കാനാകില്ലെന്നും എം.എ. ബേബി പറഞ്ഞു. ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ സുരക്ഷാ ഉദ്യോഗസ്ഥർ സംരക്ഷിച്ച സംഭവവും ജന്ദർ മന്ദറിലെ വിദ്യാർത്ഥി പ്രക്ഷോഭവും തമ്മിൽ താരതമ്യം ചെയ്യാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജന്ദർ മന്ദറിൽ വിദ്യാർത്ഥികൾക്കെതിരെ നടന്ന പൊലീസ് ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എം.എ. ബേബി ആവശ്യപ്പെട്ടു. വിദ്യാർത്ഥി പ്രക്ഷോഭം ശക്തിപ്പെടുന്നതിൽ സുപ്രീം കോടതിയുടെ ‘പാറ്റകൾ’ പരാമർശവും നിർണായകമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like