കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി കേസിൽ ശശിധരൻ കർത്ത നൽകിയ മൊഴി അന്വേഷണത്തിൽ നിർണായകമായി. കരാർ നൽകിയത് പിണറായി വിജയനുമായുള്ള അടുപ്പം കാരണമാണെന്നും, വീണ സി.എം.ആർ.എല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്നുമാണ് കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മൊഴി നൽകിയിരിക്കുന്നത്.
2024 ഏപ്രിലിൽ കർത്തയുടെ വീട്ടിൽ നടന്ന ചോദ്യം ചെയ്യലിനിടെയായിരുന്നു ഈ മൊഴി രേഖപ്പെടുത്തിയത്.
മരവിപ്പിക്കൽ നടപടിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്. കേസിന്റെ ഭാഗമായി വീണയുടെ 16.5 ലക്ഷം രൂപയുടെ നിക്ഷേപം ഇഡി മരവിപ്പിച്ചു. വ്യക്തിപരമായും കമ്പനികളുടെ പേരിലുമായി നിക്ഷേപിച്ച തുകയാണിത്.
വീണയുടെ മറ്റൊരു സ്ഥാപനമായ ലേക്കർ ഇന്ത്യയുടെ 15.5 ലക്ഷം രൂപയും മരവിപ്പിച്ചിട്ടുണ്ട്. കൂടാതെ വീണയുടെ ലോക്കറും മരവിപ്പിച്ച സ്വത്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വീണയുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടിൽ 1.37 ലക്ഷം രൂപയും എക്സാലോജിക്കിന്റെ അക്കൗണ്ടിൽ 27,585 രൂപയുമാണ് ഉള്ളതെന്ന് ഇഡി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ശശിധരൻ കർത്തയുടെയും കുടുംബാംഗങ്ങളുടെയും 26 കോടി രൂപയുടെ സ്വത്തുക്കളും ഇഡി മരവിപ്പിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
