Home Keralaസ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ജൂൺ 15 മുതൽ; ആദ്യ 100 ദിവസം കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ മാത്രം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ജൂൺ 15 മുതൽ; ആദ്യ 100 ദിവസം കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ മാത്രം

by news_desk1
0 comments

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ നടപ്പാക്കാൻ ധാരണയായി. മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ നടന്ന ചർച്ചയിലാണ് പദ്ധതിയുടെ ആദ്യഘട്ട രൂപരേഖയ്ക്ക് അന്തിമരൂപം നൽകിയത്.

ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകളിൽ മാത്രമായിരിക്കും നടപ്പാക്കുക. ഈ കാലയളവിൽ യാത്രക്കാരുടെ പ്രതികരണം, സാമ്പത്തിക ബാധ്യത, സർവീസ് ക്രമീകരണങ്ങൾ എന്നിവ വിലയിരുത്തിയ ശേഷമാകും രണ്ടാംഘട്ടത്തിൽ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള മറ്റ് സർവീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്.

ഉയർന്ന ശ്രേണിയിലുള്ള ബസുകളിലും ദീർഘദൂര സർവീസുകളിലും തുടക്കത്തിൽ തന്നെ സൗജന്യ യാത്ര അനുവദിച്ചാൽ വലിയ വരുമാന നഷ്ടവും പ്രായോഗിക ബുദ്ധിമുട്ടുകളും ഉണ്ടാകുമെന്ന കെഎസ്ആർടിസി വിദഗ്ധ സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

പദ്ധതി നടപ്പാകുന്നതോടെ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന വരുമാനനഷ്ടം സർക്കാർ പൂർണമായും ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിച്ചാലും പ്രതിമാസം ഏകദേശം 57 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് കെഎസ്ആർടിസിയുടെ കണക്ക്.

പദ്ധതിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ വിശദമായി പഠിച്ച് നഷ്ടപരിഹാരത്തിനുള്ള ഫണ്ട് കണ്ടെത്തുന്നതിനും സ്ഥിരമായ ധനസഹായ സംവിധാനം നിർദേശിക്കുന്നതിനുമായി ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആദ്യ 100 ദിവസത്തെ പ്രവർത്തന റിപ്പോർട്ട് പരിശോധിച്ച ശേഷമാകും പദ്ധതിയുടെ രണ്ടാംഘട്ട വിപുലീകരണത്തെക്കുറിച്ച് സർക്കാർ അന്തിമ തീരുമാനമെടുക്കുക.

സ്ത്രീകളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും പൊതുഗതാഗത ഉപയോഗം വർധിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

You may also like