Home Businessഎഥനോൾ ചേർത്ത പെട്രോളിന് ഇനി എക്സൈസ് നികുതിയില്ല; കേന്ദ്രത്തിന്റെ സുപ്രധാന പ്രഖ്യാപനം

എഥനോൾ ചേർത്ത പെട്രോളിന് ഇനി എക്സൈസ് നികുതിയില്ല; കേന്ദ്രത്തിന്റെ സുപ്രധാന പ്രഖ്യാപനം

by news_desk1
0 comments

ദില്ലി: രാജ്യത്ത് എഥനോൾ ചേർത്ത പെട്രോളിന് എക്സൈസ് നികുതി ഇളവുമായി കേന്ദ്ര സർക്കാർ. 22 ശതമാനം മുതൽ 30 ശതമാനം വരെ എഥനോൾ അടങ്ങിയ പെട്രോൾ വിഭാഗങ്ങളെ എക്സൈസ് നികുതിയുടെ പരിധിയിൽ നിന്ന് പൂർണമായും ഒഴിവാക്കി.

രാജ്യത്തെ ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുകയും ബദൽ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഈ നിർണായക തീരുമാനം.

ഇ22, ഇ25, ഇ27, ഇ30 വിഭാഗങ്ങളിലെ പെട്രോളുകൾക്കാണ് പുതിയ നികുതി ഇളവ് ബാധകമാകുക. ഇ22 ഇന്ധനത്തിൽ 78 ശതമാനം പെട്രോളും 22 ശതമാനം എഥനോളുമാണ് അടങ്ങിയിരിക്കുന്നത്. ഇ25-ൽ 75 ശതമാനം പെട്രോളും 25 ശതമാനം എഥനോളും, ഇ27-ൽ 73 ശതമാനം പെട്രോളും 27 ശതമാനം എഥനോളും, ഇ30-ൽ 70 ശതമാനം പെട്രോളും 30 ശതമാനം എഥനോളുമാണ് ഉൾപ്പെടുന്നത്.

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഏഴ് രൂപയിലധികം വർധന ഉണ്ടായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.

ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യമായ ഇന്ത്യ, എഥനോൾ മിശ്രിത ഇന്ധനങ്ങളുടെ ഉപയോഗം വ്യാപിപ്പിച്ച് ഇറക്കുമതി ആശ്രയം കുറയ്ക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിനിടെയാണ് എക്സൈസ് നികുതി ഒഴിവാക്കിയത്.

ഇതിനൊപ്പം 85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും അടങ്ങിയ ഇ85 ഇന്ധനവും കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ദില്ലിയിലെ പൊതുമേഖല ഇന്ധന പമ്പുകളിലാണ് ഇ85 ലഭ്യമാകുക.

രാജ്യത്ത് ഈ വർഷം നൂറോളം പുതിയ ഇ85 വിതരണ പമ്പുകൾ ആരംഭിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. സാധാരണ പെട്രോളിനെ അപേക്ഷിച്ച് ഏകദേശം 20 ശതമാനം വിലക്കുറവാണ് ഇ85 ഇന്ധനത്തിന്റെ പ്രധാന പ്രത്യേകത.

You may also like