മുകല്ല, യെമൻ: ലോകകപ്പ് ഫുട്ബോൾ കോടിക്കണക്കിന് ആരാധകർക്ക് വെറും ഒരു കായികമത്സരമല്ല. ചിലർക്ക് അത് ഓർമകളാണ്, ചിലർക്ക് വികാരമാണ്, മറ്റുചിലർക്ക് ജീവിതത്തിലെ കഷ്ടപ്പാടുകളിൽ നിന്നുള്ള ചെറിയൊരു ആശ്വാസം. യുദ്ധവും സാമ്പത്തിക തകർച്ചയും വൈദ്യുതി പ്രതിസന്ധിയും ഇന്ധനക്ഷാമവും ജീവിതത്തെ ബാധിച്ച യെമനിൽ താമസിക്കുന്ന 56-കാരനായ ആദിൽ മുഹ്സിന് ലോകകപ്പ് അതിലുമേറെ ഒന്നാണ്. നാലു പതിറ്റാണ്ടിലേറെയായി അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തെയും അടയാളപ്പെടുത്തുന്ന ഒരു വികാരയാത്ര.
1982 മുതൽ നടന്ന എല്ലാ ലോകകപ്പുകളും മുടങ്ങാതെ കണ്ടുവരുന്ന ആദിലിന്, ഇത്തവണത്തെ ലോകകപ്പ് എളുപ്പമല്ല. വർഷങ്ങളായി തുടരുന്ന യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും അദ്ദേഹത്തിന്റെ ജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണ്. വീട്ടിലെ വൈദ്യുതി മുടക്കങ്ങൾ മറികടക്കാൻ ഉപയോഗിച്ചിരുന്ന ബാക്കപ്പ് ബാറ്ററി തകരാറിലായെങ്കിലും, ഏകദേശം 200 ഡോളർ ചെലവാകുന്ന പുതിയ ബാറ്ററി വാങ്ങാൻ അദ്ദേഹത്തിന് കഴിയുന്നില്ല.
കിഴക്കൻ യെമനിലെ മുകല്ല നഗരത്തിൽ ഇന്ധനക്ഷാമവും രൂക്ഷമായതോടെ, മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുന്നതുപോലും ബുദ്ധിമുട്ടായി. ഇതോടെ വീടിന് പുറത്തുപോയി മത്സരങ്ങൾ കാണാനുള്ള അവസരങ്ങളും പരിമിതമായി.
“ഞാൻ കണ്ട ലോകകപ്പുകളിൽ ഏറ്റവും ബുദ്ധിമുട്ടേറിയത് ഇത്തവണത്തേതാണ്. വൈദ്യുതി മുടക്കങ്ങൾ കാരണം പല മത്സരങ്ങളും നഷ്ടമാകുമെന്ന ഭയമുണ്ട്,” പ്രാദേശിക സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനിന് മുന്നിലിരുന്നുകൊണ്ട് ആദിൽ പറയുന്നു.
വീട്ടിൽ ടെലിവിഷൻ സബ്സ്ക്രിപ്ഷൻ ഉണ്ടായിരുന്നെങ്കിലും വൈദ്യുതി ഇല്ലാതെ അതിന് പ്രയോജനമില്ല. മൊബൈലിൽ മത്സരങ്ങൾ കാണാൻ ആവശ്യമായ ഇന്റർനെറ്റ് പാക്കേജുകൾ വാങ്ങാനും സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ല. അതിനാൽ നഗരത്തിലെ ഒരു സ്റ്റേഡിയത്തിൽ സ്ഥാപിച്ച പൊതുസ്ക്രീനാണ് അദ്ദേഹത്തിന്റെ പ്രധാന ആശ്രയം.
ദക്ഷിണാഫ്രിക്കയും മെക്സിക്കോയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് തൊട്ടുമുമ്പ് ജനറേറ്ററുകളുടെ ശബ്ദം മുഴങ്ങി. ഇരുണ്ട അന്തരീക്ഷത്തിൽ പ്രൊജക്ടർ തെളിഞ്ഞപ്പോൾ ആരാധകരുടെ മുഖത്ത് ആവേശം നിറഞ്ഞു. പഴകിയ കൽതറയുള്ള മുറ്റത്ത് ഖാത്ത് ചവച്ചുകൊണ്ട് ചിലർ ഇരുന്നു. ഉഷ്ണവും ഈർപ്പവും കാരണം എല്ലാവരും വിയർപ്പിൽ മുങ്ങിയിരുന്നെങ്കിലും, ഫുട്ബോളിനോടുള്ള ആവേശത്തിന് അതൊന്നും തടസ്സമായില്ല.
“മെക്സിക്കോ ഗോൾ നേടുന്നതുവരെ ആക്രമണം തുടരും,” തന്റെ പഴയ മൊബൈലിൽ കുറിപ്പുകൾ പരിശോധിച്ചുകൊണ്ട് ആദിൽ പറഞ്ഞത് ഏതാനും നിമിഷങ്ങൾക്കകം യാഥാർഥ്യമായി. മെക്സിക്കോയുടെ ആദ്യ ഗോൾ പിറന്നതോടെ അദ്ദേഹം ചിരിച്ചു.
“ഇപ്പോൾ ഞാൻ ഒരു സാധാരണ ആരാധകന്റെ കണ്ണിലൂടെ അല്ല, മറിച്ച് ഒരു വിശകലന വിദഗ്ധന്റെ കണ്ണിലൂടെയാണ് മത്സരങ്ങൾ കാണുന്നത്. വലിയ ടീമുകളുടെ മത്സരങ്ങൾ വരുമ്പോഴാണ് ഇവിടെ കൂടുതൽ ആളുകൾ എത്തുന്നത്,” അദ്ദേഹം പറയുന്നു.

1982-ൽ തുടങ്ങിയ പ്രണയം
1982-ൽ സ്പെയിനിൽ നടന്ന ലോകകപ്പാണ് ആദിലിന്റെ മനസിൽ ആദ്യ പ്രണയമായി പതിഞ്ഞത്. അന്ന് അദ്ദേഹത്തിന് വെറും 12 വയസ്സ്. ദക്ഷിണ യെമനിൽ ടെലിവിഷൻ എത്തിയിട്ട് ഏതാനും വർഷങ്ങൾ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ.
“ആ ലോകകപ്പ് ഇന്നും മനസിൽ മായാതെ നിൽക്കുന്നു. ബ്രസീലിന്റെ സിക്കോ, ഫാൽക്കാവോ, എഡർ തുടങ്ങിയ താരങ്ങളെ ഇന്നും മറക്കാനാവില്ല,” അദ്ദേഹം ഓർമ്മിക്കുന്നു.
അന്ന് മുകല്ലയിൽ മത്സരങ്ങൾ തത്സമയം ലഭിച്ചിരുന്നില്ല. ഏദനിൽ റെക്കോർഡ് ചെയ്ത മത്സരങ്ങൾ ബസിൽ ടേപ്പുകളായി എത്തിച്ച ശേഷമാണ് സംപ്രേഷണം ചെയ്തിരുന്നത്. ഒരു ദിവസം വൈകിയാണ് ആളുകൾ മത്സരങ്ങൾ കണ്ടിരുന്നത്. എങ്കിലും അതിന്റെ ആവേശത്തിന് കുറവുണ്ടായിരുന്നില്ല.
ടെലിവിഷൻ ഇല്ലാത്തവർ അയൽവീടുകളിൽ ഒരുമിച്ച് കൂടിയിരുന്ന് മത്സരങ്ങൾ കണ്ടിരുന്ന കാലം ഇന്നും ആദിലിന്റെ മനസ്സിൽ മായാതെ കിടക്കുന്നു.
യുദ്ധങ്ങൾക്കിടയിലും ലോകകപ്പ്
1986-ൽ യെമനിലെ രാഷ്ട്രീയ സംഘർഷങ്ങളും ആഭ്യന്തര കലാപങ്ങളും രൂക്ഷമായപ്പോഴും ലോകകപ്പ് കാണുന്നതിൽ നിന്ന് ആദിൽ പിന്നോട്ടുപോയില്ല. അതേ വർഷം മെക്സിക്കോയിൽ നടന്ന ലോകകപ്പിൽ മറഡോണയുടെ മികവ് അദ്ദേഹത്തെ വിസ്മയിപ്പിച്ചു.
1990-ൽ ഉത്തര-ദക്ഷിണ യെമനുകൾ ഒന്നിച്ചപ്പോൾ അദ്ദേഹം ഒരു അമേച്വർ ഫുട്ബോൾ താരമായിരുന്നു. ലോകകപ്പിൽ കണ്ട തന്ത്രങ്ങളും കളിശൈലികളും പരിശീലനങ്ങളിൽ പരീക്ഷിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
എന്നാൽ 1994-ൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ലോകകപ്പ് കാണുക ഏറെ ദുഷ്കരമായി.
“എന്റെ ജീവിതത്തിലെ ഏറ്റവും മോശം ലോകകപ്പ് അതായിരുന്നു. യുദ്ധഭീതിയും വൈദ്യുതി മുടക്കവും കാരണം ഒരു മത്സരം കണ്ടാൽ അടുത്ത മൂന്ന് മത്സരങ്ങൾ നഷ്ടപ്പെടുമായിരുന്നു,” അദ്ദേഹം ഓർക്കുന്നു.
കഷ്ടപ്പാടുകൾക്കിടയിലെ ആശ്വാസം
1998 മുതൽ 2010 വരെ യെമനിൽ താരതമ്യേന സ്ഥിരത ഉണ്ടായിരുന്ന കാലത്ത് ലോകകപ്പുകൾ കൂടുതൽ സുഖകരമായി ആസ്വദിക്കാൻ സാധിച്ചു. എന്നാൽ 2014 മുതൽ രാജ്യം വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും ആഭ്യന്തര സംഘർഷങ്ങളിലേക്കും നീങ്ങി.
കഴിഞ്ഞ പന്ത്രണ്ട് വർഷമായി യുദ്ധം തുടരുമ്പോഴും, സാമ്പത്തിക പ്രതിസന്ധിയും സേവനങ്ങളുടെ അഭാവവുമാണ് ആദിലിനെ കൂടുതൽ വലയ്ക്കുന്നത്.
“രാജ്യത്ത് ഇത്രയും പ്രശ്നങ്ങൾ ഉള്ളപ്പോൾ ഫുട്ബോളിനെക്കുറിച്ച് സംസാരിക്കുന്നതെന്തിനാണെന്ന് ചിലർ ചോദിക്കും. എന്നാൽ പിന്നെ ഞങ്ങൾ എന്ത് ചെയ്യണം? ആത്മഹത്യ ചെയ്യണോ? കായികം ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളിൽ നിന്നും ഒരു ചെറിയ ആശ്വാസം നൽകുന്നു,” വലിയ സ്‌ക്രീനിന്റെ വെളിച്ചത്തിൽ വിയർപ്പിൽ നനഞ്ഞ മുഖത്തോടെ അദ്ദേഹം പറയുന്നു.
44 വർഷമായി ഒരു ആരാധകന്റെ ഹൃദയത്തിൽ ജീവിക്കുന്ന ലോകകപ്പ് ഇത്തവണയും അദ്ദേഹത്തിന് പ്രതീക്ഷയുടെ മറ്റൊരു പേരാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് ഫുട്ബോളിനോടുള്ള പ്രണയം തുടരുന്ന ആദിലിന് ഇത്തവണ ലോകകപ്പ് കിരീടം ഫ്രാൻസ് നേടുമെന്നാണ് പ്രവചനം.
യുദ്ധങ്ങളും ദാരിദ്ര്യവും മനുഷ്യരുടെ ജീവിതത്തെ തകർക്കാമെങ്കിലും, പ്രതീക്ഷകളെയും സ്വപ്നങ്ങളെയും ഇല്ലാതാക്കാനാവില്ലെന്ന് തെളിയിക്കുകയാണ് യെമനിലെ ഈ സാധാരണ ഫുട്ബോൾ ആരാധകന്റെ അസാധാരണ കഥ.


