കൊച്ചി: ലക്ഷദ്വീപിൽ പണ്ടാരം ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ദ്വീപ് നിവാസികൾ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി. ഇതോടെ ലക്ഷദ്വീപ് ഭരണകൂടത്തിനും കേന്ദ്ര സർക്കാരിനും തിരിച്ചടിയായി.
പണ്ടാരം ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ ലക്ഷദ്വീപിൽ വലിയ ജനകീയ പ്രതിഷേധം ഉയർന്നിരുന്നു. ഭൂമി ഏറ്റെടുക്കൽ നടപടിയുടെ പശ്ചാത്തലത്തിൽ ദ്വീപിൽ അപ്രഖ്യാപിത നിർമാണ നിയന്ത്രണവും നിലനിന്നിരുന്നു. മുഴുവൻ നിർമാണ പ്രവർത്തനങ്ങൾക്കും അധികൃതർ സ്റ്റോപ് മെമ്മോ നൽകിയതോടെ വീട് നിർമാണം ഉൾപ്പെടെയുള്ള പ്രവൃത്തികൾ വരെ നിർത്തിവെക്കേണ്ട സാഹചര്യമുണ്ടായി.
ടൗൺ പ്ലാനിങ്ങിന്റെ പേരിലായിരുന്നു ഭരണകൂടം നിർമാണ നിയന്ത്രണം ഏർപ്പെടുത്തിയത്. വീടുകളുടെ നിർമാണം പൂർത്തിയാകാൻ അടുത്തിരുന്നവർക്കുപോലും സ്റ്റോപ് മെമ്മോ നൽകിയിരുന്നു. നിർമാണം തുടർന്നാൽ നിർമാണ സാമഗ്രികൾ പിടിച്ചെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. വിഷയത്തിൽ പ്രതിഷേധിച്ച് എൻസിപി (എസ്.പി) പ്രവർത്തകർ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
