Home Keralaമുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്താൻ അനുവദിക്കില്ല; തമിഴ്നാട് പ്രഖ്യാപനത്തിനെതിരെ കേരളം

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്താൻ അനുവദിക്കില്ല; തമിഴ്നാട് പ്രഖ്യാപനത്തിനെതിരെ കേരളം

by news_desk1
0 comments

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്താൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. ഡാമിന്റെ ജലനിരപ്പ് വർധിപ്പിക്കുമെന്ന് തമിഴ്നാട് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനത്തിൽ കേരളം ഔദ്യോഗികമായി പ്രതിഷേധം അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ജലസേചന വകുപ്പ് അടിയന്തര യോഗം ചേർന്ന് വിഷയത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയെന്നും, മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നതാണ് കേരളത്തിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു. “കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം” എന്ന നയമാണ് സർക്കാർ പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്നാട് സർക്കാരുമായി കൂടിയാലോചന നടത്തുമെന്നും, ജലനിരപ്പ് ഉയർത്താനുള്ള നീക്കത്തിനെതിരെ ഔദ്യോഗികമായി എതിർപ്പ് അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്നതിനാൽ 142 അടിക്ക് മുകളിലേക്ക് ജലനിരപ്പ് ഉയർത്താൻ ആർക്കും അധികാരമില്ലെന്നും, തമിഴ്നാടിന്റെ നിലപാട് സുപ്രീംകോടതി നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്ന വിദഗ്ധ സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയായി ഒഡീഷ ജലവിഭവ വകുപ്പ് മുൻ സ്പെഷ്യൽ സെക്രട്ടറിയും മുൻ എൻജിനീയർ ഇൻ ചീഫുമായ അശുതോഷ് ഡാഷിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്നും, അന്തർസംസ്ഥാന നദീജല പങ്കുവെക്കലിൽ സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ പൂർണമായും സംരക്ഷിക്കുമെന്നും തമിഴ്നാട് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

You may also like