കാരക്കാസ്: വെനസ്വേലയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് തലസ്ഥാനമായ കാരക്കാസിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. നിരവധി കെട്ടിടങ്ങൾ തകർന്നതായും നൂറിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. കരീബിയൻ മേഖലയിലാകെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
യുഎസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് പ്രകാരം ആദ്യ ഭൂചലനത്തിന് 7.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. പ്രാദേശിക സമയം വൈകിട്ട് ആറുമണിയോടെയായിരുന്നു ആദ്യ ഭൂചലനം. മെറോണിന് സമീപമുള്ള മോണ്ടാൽബൺ മേഖലയായിരുന്നു പ്രഭവകേന്ദ്രം. ഏകദേശം 13 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.
ആദ്യ ഭൂചലനത്തിന് പിന്നാലെ ഏതാനും സെക്കൻഡുകൾക്കകം 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനവും ഉണ്ടായി. മൊറോണിന് ഏകദേശം 16 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് ഭാഗത്തായിരുന്നു രണ്ടാമത്തെ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
വെനസ്വേലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. അയൽരാജ്യമായ കൊളംബിയയിലും ഭൂചലനത്തിന്റെ ആഘാതം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
തുടർച്ചയായുണ്ടായ ഭൂചലനങ്ങൾ കാരക്കാസിൽ വലിയ നാശനഷ്ടമാണ് സൃഷ്ടിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിടങ്ങൾ ഇടിഞ്ഞുവീണതായും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.
വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ പ്രതികരിച്ചു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും അദ്ദേഹം നിർദേശിച്ചു.
വെനസ്വേല, അരൂബ, ബോണെയർ എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്യൂർട്ടോ റിക്കോ, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ എന്നിവിടങ്ങളിലെ ജനങ്ങൾക്കും യുഎസ് ഏജൻസികൾ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

